ഹലാല്‍ നിരോധനം രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി; യോഗി സര്‍ക്കാരിന് നോട്ടീസ് അയച്ച് കോടതി
ഹലാല്‍ നിരോധന വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രിംകോടതി. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹലാല്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജി പരിശോധിച്ച ശേഷമാണ് നടപടി. ഹര്‍ജിക്കാരോട് വിഷയത്തില്‍ ആദ്യം ഹൈക്കോടതിയെ സമീപിക്കാനും ജസ്റ്റിസ് ബിആര്‍ ഗവായിയും സന്ദീപ് മേത്തയും ഉള്‍പ്പെട്ട ബെഞ്ച് ഇന്ന് നിര്‍ദേശിച്ചു. ഹലാല്‍ സര്‍ട്ടിഫൈ ചെയ്ത ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതിന് രാജ്യവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇത് മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹലാല്‍ നിരോധന ഉത്തരവ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ക്കെതിരെ കോടതി ഉത്തരവ് പുറത്തിറക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഇന്ന് സുപ്രിംകോടതി അംഗീകരിച്ചില്ല. വിഷയം വിശദമായി പരിഗണിച്ച ശേഷം ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു. വിഷയം രണ്ട് ആഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ അടിയന്തര പ്രാബല്യത്തില്‍ നിരോധിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് അറിയിച്ചിരുന്നത്. ‘ഹലാല്‍ സര്‍ട്ടിഫൈഡ് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു’ എന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതുപ്രകാരം ഹലാല്‍ ടാഗോടെ ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍, പഞ്ചസാര, ബേക്കറി ഉല്‍പ്പന്നങ്ങള്‍ മുതലായവ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യാന്‍ സാധിച്ചിരുന്നില്ല.