നനഞ്ഞ റൊട്ടി കഴിച്ച് ജീവിക്കുന്ന സിംഹങ്ങൾ; ചത്തുവീഴുന്ന കുരങ്ങന്മാർ; മനുഷ്യർക്കൊപ്പം പട്ടിണിയിലായി ഗസ്സയിലെ മൃഗങ്ങളും
ആകാശത്തെ യുദ്ധ വിമാനങ്ങളെക്കാൾ കരുണ ഈ മിണ്ടാപ്രാണികൾക്കൊപ്പം ജീവിക്കുമ്പോഴാണ് കിട്ടുന്നത്.. ഗസ്സ സിറ്റിയിൽ നിന്നുള്ള ആദേൽ ഗോമയുടെ വാക്കുകളാണിവ.. ഇസ്രയേൽ പലസ്തീൻ യുദ്ധം ആരംഭിച്ചതുമുതലുള്ള നഷ്ടങ്ങളിൽ വീടും വാസസ്ഥലവും കൈവിട്ടുപോയ ലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണ് ആദേലിന്റെയും കുടുംബം. തെക്കൻ ഗസ്സ മുനമ്പിലെ റഫയിലാണ് ഗോമ കുടുംബം ഇപ്പോൾ താമസിക്കുന്നത്.
നനഞ്ഞ റൊട്ടി കഴിക്കുന്ന സിംഹക്കുഞ്ഞുങ്ങൾ, തക്കാളിപ്പഴം കഴിച്ച് ജീവിക്കുന്ന കുരങ്ങന്മാർ… ഇങ്ങനെ ഗോമ കുടുംബം നടത്തുന്ന സ്വകാര്യ മൃഗശാലയിൽ അമ്പരപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന കാഴ്ചകൾ കൂടിയുണ്ട്. ഗസ്സയിലെ ജനങ്ങൾ സമാനതകളില്ലാത്ത പട്ടിണി അനുഭവിക്കുമ്പോൾ മനുഷ്യരെ പോലെ തന്നെ ഭക്ഷണത്തിന് വല്ലാതെ ബുദ്ധിമുട്ടുകയാണ് അവിടുത്തെ ജീവജാലങ്ങളും. സിംഹങ്ങളും പുലികളും അടക്കം പാർക്കുന്ന ഭീമാകാരന്മാരായ കൂടുകൾ. കമ്പിയിഴകളിൽ കൈപിടിച്ച് അവയെ നോക്കി നിൽക്കുന്ന കുട്ടികളും മുതിർന്നവരും. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത മൃഗങ്ങളുണ്ട് ഇക്കൂട്ടത്തിൽ. യുദ്ധം മൂലം പല ദിവസവും ഭക്ഷണവും വൈദ്യസഹായവുമില്ല. ഇക്കൂട്ടത്തിൽ നാല് കുരങ്ങൻമാർ കഴിഞ്ഞ ഒരു മാസത്തിനിടെ പട്ടിണി കിടന്ന് ചത്തു. അവശേഷിക്കുന്നവയിൽ ഒരെണ്ണം കടുത്ത അവശ നിലയിലും.
മൃഗശാലയിലെ രണ്ട് സിംഹക്കുട്ടികളുടെ കാര്യത്തിൽ ആശങ്കയിലാണ് ഗോമ കുടുംബം. അവയുടെ ജീവൻ നിലനിർത്താൻ ഉണങ്ങിയ റൊട്ടി വെള്ളത്തിൽ കുതിർത്താണ് കഴിക്കാൻ കൊടുക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം മൃഗങ്ങളിൽ പലതിന്റെയും ഭാരം പകുതിയോളം കുറഞ്ഞു. ദിവസേന കൊടുത്തുകൊണ്ടിരുന്ന കോഴിയിറച്ചിയിൽ നിന്ന് ആഴ്ചതോറുമുള്ള റൊട്ടിയിലേക്കെത്തി മൃഗങ്ങളുടെ ഭക്ഷണരീതി. ദിവസം ചെല്ലുന്തോറും മൃഗങ്ങൾ രോഗബാധിതരാകുകയും പട്ടിണി കിടന്ന് ചത്തുപോകുകയും ചെയ്യുന്നുവെന്ന് മൃഗഡോക്ടർ സോഫിയാൻ അബ്ദീൻ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് മൃഗശാലയിലെ ഒരു സിംഹം രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. നിർഭാഗ്യവശാൽ ആ സിംഹം തന്നെ തന്റെ കുഞ്ഞുങ്ങളെ ഭക്ഷിച്ചു. യുദ്ധത്തിലെ വലിയ സ്ഫോടന ശബ്ദങ്ങൾ കാരണം മൃഗങ്ങളെല്ലാം ഭയപ്പെട്ടിരിക്കുകയാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മൃഗങ്ങളുടെ തീറ്റയുടെ വില പെട്ടെന്ന് കുതിച്ചുയർന്നതും ക്ഷാമത്തിന്റെ ആഘാതം വർധിപ്പിച്ചു. ചെറിയ പക്ഷികൾക്കുള്ള ഒരു ചാക്ക് തീറ്റയ്ക്ക് വില 70 ഷെക്കലിൽ നിന്ന് 400ആയി വർദ്ധിച്ചു. ഇനി അവശേഷിക്കുന്ന പഴങ്ങളും റൊട്ടിയും തീർന്നാൽ എന്തുചെയ്യുമെന്ന് അറിയാതെ നിൽക്കുകയാണ് മൃഗശാലാ സൂക്ഷിപ്പുകാർ.
Read Also : ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഓഷ്വിറ്റ്‌സ് ക്യാമ്പ് പോലെ ഗസ്സയെ മാറ്റണം; ഇസ്രയേലിലെ ടൗണ്‍ കൗണ്‍സില്‍ മേധാവി
ഗസ്സയിലെ 2.3 മില്യൺ ജനങ്ങളിൽ ഭൂരിഭാഗവും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങളെ തുടർന്ന് റഫയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും നിർബന്ധിതമായി പലായനം ചെയ്യേണ്ടിവന്നവരാണ്. നിരവധി പേർ വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു,അവരുടെ താമസസ്ഥലങ്ങളെല്ലാം അവശിഷ്ടങ്ങളായി മാറി. റഫയിലെ തിങ്ങിനിറഞ്ഞ ക്യാമ്പുകളിൽ സുരക്ഷിതത്വം തേടിയും തെരുവുകളിൽ ടെന്റുകൾ കെട്ടിയുമുള്ള അതിജീവനത്തിനിടയാണ് ഗോമാ കുടുംബം നടത്തുന്ന മൃഗശാലയിൽ അഭയാർത്ഥികളെത്തിയത്. ഇന്ന് മൃഗശാലയിലെ കൂടുകൾക്ക് പരിസരത്ത് നേർത്ത പ്ലാസ്റ്റിക് ഷീറ്റ് കെട്ടി താമസിക്കുന്നത് നിരവധി പേരാണ്. അലക്കും കുളിയും പാചകവുമെല്ലാം ഈ മൃഗങ്ങൾക്കിടയിൽ തന്നെ. തങ്ങൾക്കൊപ്പം ജീവൻ നിലനിർത്താൻ പോരാടേണ്ടിവരുന്ന മൃഗങ്ങളുടെ ദുരവസ്ഥയിൽ നിസഹായരാണ് ഈ മനുഷ്യർ.