Kerala

മുത്തലാഖ് നിര്‍ത്തിയതും വനിതാ ബില്ലും ഉജ്ജ്വല ഗ്യാസും…അത് മോദിയുടെ ഗ്യാരണ്ടി’; ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദി; മന്നത്ത് പദ്മനാഭനെ ആദരിച്ചുകൊണ്ട് പ്രസംഗം തുടങ്ങി

Spread the love

കേരളത്തിലെ സുപ്രധാന വ്യക്തിത്വങ്ങളേയും കേരളത്തിലെ സ്ത്രീത്വത്തിന്റെ ശക്തിയും സൂചിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിലൂടെ തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ഭരണത്തിലും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ച സര്‍ക്കാരാണ് തന്റേതെന്ന് പ്രസംഗത്തിലൂടെ മോദി അവകാശപ്പെട്ടു. മോദിയുടെ ഗ്യാരന്റി എന്ന് നിരവധി തവണ ആവര്‍ത്തിച്ചാണ് പ്രധാനമന്ത്രി തന്റെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. അമ്മമാരേ സഹോദരിമാരേ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിച്ച മോദി പരിപാടിയില്‍ പങ്കെടുത്ത് തന്നെ അനുഗ്രഹിച്ച സ്ത്രീകള്‍ക്ക് നന്ദിയും പറഞ്ഞു.

എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പദ്മനാഭനെ അനുസ്മരിച്ചുകൊണ്ടാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. കെ വി കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാന്‍ എന്നിവരുടെ പേരുകളും മോദി പരാമര്‍ശിച്ചു. താന്‍ പ്രതിനിധീകരിക്കുന്ന വാരണാസി മണ്ഡലത്തേയും തൃശൂരിനേയും ബന്ധിപ്പിക്കുന്ന ഘടനം ശിവക്ഷേത്രമാണെന്നും മോദി ആമുഖമായി സൂചിപ്പിച്ചു.

വനിതാ സംവരണ ബില്‍ പാസാക്കിയത് മോദി സര്‍ക്കാരിന്റെ വലിയ നേട്ടമായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. വികസിത ഭാരതത്തിന് വലിയ ഗ്യാരണ്ടിയാണ് വനിതാ ശക്തി. വനിതാ സംവരണ ബില്ലില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കാതെ കാലം കഴിച്ചു. മുസ്ലീം സ്ത്രീകളെ മുത്തലാഖില്‍ നിന്ന് മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

‘സ്ത്രീകളുടെ ജീവിതം സുഖകരമാക്കാനായി ഉജ്ജ്വല പദ്ധതി നടപ്പിലാക്കിയത് മോദിയുടെ ഗ്യാരണ്ടി. 11 കോടി കുടുംബങ്ങള്‍ക്ക് പൈപ്പ് വെളളം നല്‍കാന്‍ എങ്ങനെ സാധിച്ചു? അത് മോദിയുടെ ഗ്യാരണ്ടി. രാജ്യത്ത് ശൗചാലയങ്ങള്‍ നിര്‍മിച്ചതും സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിയതും എങ്ങനെ? അതും മോദിയുടെ ഗ്യാരണ്ടി…’ പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് മോദി ഉന്നയിച്ചത്. കേരളത്തിലും ഇന്ത്യാ സഖ്യമുണ്ടെന്നും അഴിമതിയുടെ കാര്യത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും മോദി പറഞ്ഞു. കേരളത്തിലെ ഇന്ത്യാ സഖ്യത്തേയും ബിജെപി തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യാ മുന്നണിയില്‍ ഉള്ളവര്‍ കേരളത്തില്‍ കൊള്ള നടത്തുന്നു. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ മോദി വിരോധത്തിന്റെ പേരില്‍ കേരളത്തില്‍ നടപ്പാക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.