Kerala

മോദിയെ തൊഴുത് ശോഭന; വെള്ളിനൂലുകൊണ്ടുള്ള ഷാള്‍ അണിയിച്ച് ബീന കണ്ണന്‍; മറിയക്കുട്ടിയെ പരിചയപ്പെടുത്തി ശോഭാ സുരേന്ദ്രന്‍; കാലിൽ വീണ് വൈക്കം വിജയലക്ഷ്മി

Spread the love

തൃശൂരില്‍ നരേന്ദ്രമോദി പങ്കെടുത്ത മഹിളാ സമ്മേളനത്തില്‍ സാന്നിധ്യമറിയിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍. നടി ശോഭന, ഗായിക വൈക്കം വിജയലക്ഷമി, സംരംഭക ബീന കണ്ണന്‍, മറിയക്കുട്ടി, ഉമാ പ്രേമന്‍, കായിക താരങ്ങളായ പി ടി ഉഷ, മിന്നുമണി, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വേദിയിലെത്തി. മോദിയെ വെള്ളിനൂലുകൊണ്ടുള്ള ഷാള്‍ അണിയിച്ചായിരുന്നു ബീന കണ്ണന്റെ ആദരവ്. നടി ശോഭന പ്രധാനമന്ത്രിയെ തൊഴുതു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, പെൻഷൻ നൽകാത്തതിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തിയ മറിയക്കുട്ടിയെ നരേന്ദ്രമോദിക്ക് പരിചയപ്പെടുത്തി നല്‍കി. ഗായിക വൈക്കം വിജയലക്ഷ്മി മോദിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി.

അമ്മമാരേ സഹോദരിമാരേ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിച്ച മോദി പരിപാടിയില്‍ പങ്കെടുത്ത് തന്നെ അനുഗ്രഹിച്ച സ്ത്രീകള്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ഭരണത്തിലും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ച സര്‍ക്കാരാണ് തന്റേതെന്ന് പ്രസംഗത്തിലൂടെ മോദി അവകാശപ്പെട്ടു. മോദിയുടെ ഗ്യാരന്റി എന്ന് നിരവധി തവണ ആവര്‍ത്തിച്ചാണ് പ്രധാനമന്ത്രി തന്റെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്.

Read Also : ‘അന്ന് അഞ്ചുബോബി ജോര്‍ജ് പറഞ്ഞു നരേന്ദ്രമോദിയുടെ കാലത്ത് മെഡല്‍ വാങ്ങാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന്’; കായികരംഗത്തെ സ്ത്രീകളെ മോദിസര്‍ക്കാര്‍ പ്രോത്സാഹിക്കുന്നത് കണ്ടല്ലോയെന്ന് കെ സുരേന്ദ്രന്‍

വനിതാ സംവരണ ബില്‍ പാസാക്കിയത് മോദി സര്‍ക്കാരിന്റെ വലിയ നേട്ടമായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. വികസിത ഭാരതത്തിന് വലിയ ഗ്യാരണ്ടിയാണ് വനിതാ ശക്തി. വനിതാ സംവരണ ബില്ലില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കാതെ കാലം കഴിച്ചു. മുസ്ലീം സ്ത്രീകളെ മുത്തലാഖില്‍ നിന്ന് മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. വനിതാ ബില്‍ പാസാക്കിയ ബിജെപി നേതൃത്വത്തിന് നന്ദി പറഞ്ഞ് നടി ശോഭന രംഗത്തെത്തി. സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്നു ശോഭന പറഞ്ഞു.

രണ്ട് ലക്ഷത്തോളം വനിതകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നാണ് ബിജെപിയുടെ അവകാശവാദം. ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തിയത്. പാര്‍ലമെന്റില്‍ വനിതാ ബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്തു.