Kerala

പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല; ജെസ്‌ന കേസ് പൂര്‍ണമായും സിബിഐ ഒഴിവാക്കിയിട്ടില്ലെന്ന് മുന്‍ എസ്പി കെ.ജി സൈമണ്‍

Spread the love

ജെസ്‌ന കേസ് പൂര്‍ണമായും സിബിഐ ഒഴിവാക്കിയിട്ടില്ലെന്ന് മുന്‍ എസ്പി കെ ജി സൈമണ്‍. ശക്തമായ രീതിയില്‍ തന്നെയാണ് അന്വേഷണം നടന്നത്. എന്നാല്‍ കൊവിഡ് വ്യാപനം അന്വേഷണത്തിന് തിരിച്ചടിയായി. ജെസ്‌നയെ കണ്ടെത്താനാകുമെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അനാവശ്യ ഊഹോപാഹങ്ങള്‍ ഉണ്ടായിരുന്നുവെന്നും കെജി സൈമണ്‍ പറഞ്ഞു.

മുന്‍ അന്വേഷണ ഉദ്യാഗസ്ഥന്‍ ടോമിന്‍ ജെ. തച്ചങ്കരിയും കേസുമായി ബന്ധപ്പെട്ട് പ്രതീക്ഷകള്‍ പങ്കുവച്ചു. സി.ബി.ഐ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയാണ്. ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം താല്‍കാലികമായി അവസാനിപ്പിച്ചുള്ള സി.ബി.ഐ റിപ്പോര്‍ട്ട് സാങ്കേതികത്വം മാത്രമാണ്. ഒരു കേസിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുള്ളത്. പൊലീസും ക്രൈംബ്രാഞ്ചും ഇത്തരത്തില്‍ റിപ്പോര്‍ട്ട് കൊടുക്കാറുണ്ട്. എന്നെങ്കിലും കേസിനെ കുറിച്ച് സൂചന ലഭിച്ചാല്‍ തുടര്‍ന്നും അന്വേഷിക്കാന്‍ സാധിക്കുമെന്നും ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു.

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം സി.ബി.ഐ താല്‍കാലികമായി അവസാനിപ്പിച്ചിരുന്നു. ജെസ്‌നക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താനായില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടരന്വേഷണം ആകാമെന്നും തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിക്കുമ്പോഴും ഇതിനു തെളിവ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ല. ജെസ്‌ന ബസ് കയറി എന്ന് പറയപ്പെടുന്ന സ്റ്റോപ്പിനടുത്തുള്ള കടയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ മാത്രമാണ് ലോക്കല്‍ പൊലീസില്‍നിന്ന് ലഭിച്ചത്. ജെസ്‌നയെ കാണാതായെന്ന പരാതി ലഭിച്ച്, 48 മണിക്കൂറിനുള്ളില്‍ കാര്യമായ അന്വേഷണം ഉണ്ടാകാത്തത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.