ഗസ്സ കയ്യേറിയ സൈനികരിൽ തൊലിപ്പുറത്തെ പകർച്ചവ്യാധി വ്യാപിക്കുന്നു; ചില സൈനികരെ പിൻവലിച്ച് ഇസ്രയേൽ
ഗസ്സ കയ്യേറിയ ഇസ്രയേൽ സൈനികരിൽ പകർച്ചവ്യാധി വ്യാപിക്കുന്നു. ത്വക്ക് രോഗമാണ് സൈനികരിൽ വ്യാപിക്കുന്നത്. ലെയ്ഷ്മാനിയാസിസ് അഥവാ ‘യെരിഹോവിലെ പനിനീർപ്പൂവ്’ എന്ന രോഗം വ്യാപിക്കുന്നതിനെ തുടർന്ന് ഇവരിൽ പലരെയും യുദ്ധമുഖത്തുനിന്ന് പിൻവലിച്ചു എന്ന് ഇസ്രയേലി ദിനപ്പത്രം മാരിവ് റിപ്പോർട്ട് ചെയ്തു.
ഡസൻ കണക്കിനു സൈനികർക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചിലരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചെങ്കിലും പരിശോധനാഫലം വന്നിട്ടില്ല. ചില സൈനികരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ലെയ്ഷ്മാനിയാസിസ് എന്ന പരാന്നഭോജിയാണ് രോഗം പടർത്തുന്നത്. വർഷങ്ങളായി ലെയ്ഷ്മാനിയാസിസ് ഒരു ദേശീയ ദുരന്തമായി പരിഗണിച്ചിരിക്കുന്ന അസുഖമാണെന്ന് ഇസ്രയേലി സൊസൈറ്റി ഓഫ് പാരസിറ്റോളജി ആൻഡ് ട്രോപ്പിക്കൽ ഡിസീസ് പ്രസിഡൻ്റ് ഇലൈ ഷ്വാർട്സ് പറഞ്ഞു. 2014ലെ യുദ്ധത്തിലും സമാന പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എലികളിൽ കാണപ്പെടുന്ന ഈ പരാന്നഭോജി ഇവരിൽ നിന്നാണ് മനുഷ്യരിലെത്തുന്നത്. ഈ ഭാഗത്ത് എലികൾ കൂടുതലുണ്ട്. എലികളിൽ നിന്ന് മണലീച്ചയിലൂടെ മനുഷ്യരുടെ ശരീരത്തിൽ ഇത് പ്രവേശിക്കും. മണലീച്ച കടിക്കുമ്പോൾ അവിടെ വ്രണം രൂപപ്പെടും. ഇത് പഴുത്ത്, ഭേദമാവാതെ ഏറെക്കാലം തുടരും. എത്ര മണലീച്ചകൾ കടിക്കുന്നോ അത്ര വ്രണങ്ങൾ ശരീരത്തിലുണ്ടാവും. ജീവഹാനിയുണ്ടാവില്ലെങ്കിലും കടിച്ചയിടത്ത് ജീവിതകാലം മുഴുവൻ അടയാളമുണ്ടാവും.