മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്
മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്‌നൗപാൽ ജില്ലയിലെ അതിർത്തി പട്ടണമായ മോറെയിൽ പൊലീസ് കമാൻഡോകളും കുക്കി ഭീകരരെന്ന് സംശയിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. വെടിവെപ്പിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 8.20 ഓടെയാണ് മണിപ്പൂർ പൊലീസ് കമാൻഡോകളും കുക്കി ഭീകരരെന്ന് സംശയിക്കുന്നവരും തമ്മിൽ കനത്ത വെടിവെപ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ നാല് പൊലീസ് കമാൻഡോകൾക്കും മൂന്ന് ബിഎസ്എഫ് ജവാന്മാർക്കും പരിക്കേറ്റു. ഒരാൾ ഗുരുതരാവസ്ഥയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഇംഫാലിലെ റിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
മണിപ്പൂരിൽ പുതുവർഷത്തിന്റെ ആദ്യദിനം രക്തരൂക്ഷിതമായിരുന്നു. തൗബാൽ ജില്ലയിൽ നാല് പേർ വെടിയേറ്റ് മരിക്കുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് താഴ്‌വര ജില്ലകളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. മണിപ്പൂരിൽ കഴിഞ്ഞ വർഷം ആരംഭിച്ച വർഗീയ കലാപത്തിൽ ഇതുവരെ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.