‘സഹിക്ക വയ്യാതെയാണ് സുധീരന്‍ പൊട്ടിത്തെറിച്ചത്’; ഇടതുപക്ഷ വിമര്‍ശനങ്ങളെ ശരിവച്ചെന്നും ശിവന്‍കുട്ടി
കൊല്ലം: മുന്‍ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാന്‍ കഴിയാത്ത നയങ്ങളാണ് കോണ്‍ഗ്രസിന്റേത് എന്ന് മന്ത്രി വി ശിവന്‍കുട്ടി. സഹിക്ക വയ്യാതെയാണ് വി എം സുധീരന്‍ പൊട്ടിത്തെറിച്ചത് എന്നാണ് കാണുമ്പോള്‍ മനസിലാകുന്നത്. തൊണ്ണൂറുകളിലെ തുടക്കത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ജീവിതം സ്ഥിരമായി ദുസ്സഹമാക്കി. നരസിംഹറാവുവും മന്‍മോഹന്‍ സിംഗും നടപ്പാക്കിയ നയങ്ങള്‍ ബിജെപിയ്ക്ക് വഴിയൊരുക്കി എന്ന ഇടതുപക്ഷ വിമര്‍ശനങ്ങളെ ശരിവച്ചിരിക്കുകയാണ് വിഎം സുധീരന്‍ എന്നും ശിവന്‍കുട്ടി പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ കുറിച്ച് കൃത്യമായ അപായ സൂചനകളും വിമര്‍ശനങ്ങളും എന്നും ഇടതുപക്ഷം മുന്നോട്ട് വച്ചിട്ടുണ്ട്. ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്ക് കുട പിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഈ വിമര്‍ശനങ്ങളെയും വിഎം സുധീരന്‍ ശരിവച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനകത്ത് അവസരവാദ നയങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്നു എന്നതിന്റെ സൂചനയാണ് സുധീരന്റെ തുറന്നു പറച്ചില്‍.’ മതനിരപേക്ഷ, ജനോപകാര നിലപാടുകളോടുള്ള കോണ്‍ഗ്രസിന്റെ അസഹിഷ്ണുത സുധീരന്റെ വെളിപ്പെടുത്തലുകളിലൂടെ വ്യക്തമാകുന്നുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
‘കെ സുധാകരനും വി ഡി സതീശനും സംസ്ഥാന കോണ്‍ഗ്രസ് തലപ്പത്ത് എത്തിയതിന് ശേഷം രാഷ്ട്രീയ എതിരാളികളോട് മാത്രമല്ല സഹപ്രവര്‍ത്തകരോട് പോലും മോശം പെരുമാറ്റമാണ് എന്നതിന്റെ ഉത്തമ തെളിവാണ് വിഎം സുധീരന്റെ വാക്കുകള്‍.’ നിഷേധാത്മക രാഷ്ട്രീയത്തിലൂടെ പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും മന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സുധീരന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷും രംഗത്തെത്തിയിരുന്നു. സുധീരന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും അവയെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു