Wednesday, March 12, 2025
JOB

പാര്‍ട്ടിയില്‍ ഇനി പരസ്യ വിമര്‍ശനം പാടില്ലെന്ന് സുധാകരന്‍; കോണ്‍ഗ്രസില്‍ വീണ്ടും കല്ലുകടി

Spread the love

ഒരിടവേളയ്ക്ക് ശേഷം വീണ്ടും പരസ്യമായുള്ള വിഴുപ്പലക്കലുകള്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. പാര്‍ട്ടിയില്‍ ഇനി പരസ്യ വിമര്‍ശനം പാടില്ല എന്ന നിലപാടെടുത്ത കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ തന്നെയാണ് വി എം സുധീരനെതിരെ പരസ്യമായി രംഗത്തെത്തിയത്. നേതൃത്വത്തിനെതിരെ കെപിസിസി യോഗത്തില്‍ ആഞ്ഞടിച്ച വി. എം സുധീരന്‍, സുധാകരന്റെ വിമര്‍ശനത്തിന് പരസ്യമായി മറുപടി പറഞ്ഞിട്ടില്ല.

ഇന്നലെ നടന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് വി എം സുധീരന്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഇതിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പൊട്ടിത്തെറിച്ചു. താന്‍ പാര്‍ട്ടി വിട്ടു എന്ന് തന്നോട് സുധീരന്‍ പറഞ്ഞു എന്നായിരുന്നു പരാമര്‍ശം. ഇതിന് വി എം സുധീരന്‍ കൂടി പരസ്യ മറുപടിയുമായി രംഗത്തെത്തിയാല്‍ പാര്‍ട്ടിയില്‍ കലഹം രൂക്ഷമാകും. കെ സുധാകരന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതോടെ, പാര്‍ട്ടിയിലെ വിഴുപ്പലക്കലുകള്‍ തലവേദന സൃഷ്ടിക്കുക മറ്റു നേതാക്കള്‍ക്കാവും.

പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് നയിക്കുന്ന സംസ്ഥാന ജാഥ ജനുവരി അവസാനം തുടങ്ങും. അതിനുള്ളില്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജാഥയുടെ നിറം കെടുത്തുമെന്ന് ഉറപ്പ്. മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇടപെട്ട് ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം വേണ്ട എന്ന നിലപാട് എടുക്കുമെന്നാണ് സൂചന.