പി ടി മോഹനകൃഷ്ണന്‍ അനുസ്മരണത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കും?; പരസ്യപ്രതികരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി മോഹനകൃഷ്ണന്‍ അനുസ്മരണത്തെ ചൊല്ലിയുള്ള പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. സമൂഹമാധ്യമങ്ങള്‍ വഴി പ്രതികരിച്ചാല്‍ കര്‍ശന നടപടിയെന്നറിയിച്ച് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ സര്‍ക്കുലര്‍ പുറത്തിറക്കി. പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിക്കുന്ന സംഘാടക സമിതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂര്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത് വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.
ജനുവരി പത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന പി ടി മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടി സംബന്ധിച്ച് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പുറത്തിറക്കിയ സര്‍ക്കുലര്‍. സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിപാടി സംബന്ധിച്ച് വസ്തു നിഷ്ഠമായ പരാതി സംഘടനയ്ക്ക് ലഭിക്കണം. ഇത് പരിശോധിച്ച ശേഷം മാത്രമേ വിശദീകരണം നല്‍കാന്‍ അവസരം ലഭിക്കൂവെന്നും സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പരിപാടിയില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂര്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത് വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. സംഘാടക സമതി ചെയര്‍മാനും, യുഡിഎഫ് മലപ്പുറം ജില്ലാ ചെയര്‍മാനുമായ പി ടി അജയ്മോഹന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ തള്ളി രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണം വിലക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.