Kerala

തൃശൂർ പൂരം പ്രതിസന്ധി: ഇടപെടലുമായി മുഖ്യമന്ത്രി, അടിയന്തര യോഗം വിളിച്ചു

Spread the love

തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7.30 ന് യോഗം ചേരും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്, തൃശൂരിൽ നിന്നുള്ള മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, പാറേമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ഓൺലൈനായാണ് യോഗം ചേരുക. പൂരം എക്സിബിഷൻ ഗ്രൗണ്ട് സംബന്ധിച്ച കോടതി ഇടപെടലുകൾ യോഗത്തിൽ ചർച്ചയാകും.

വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനെയും സംസ്ഥാന സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയാണ് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ പകൽപ്പൂരം ഒരുക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

പിന്നാലെ ബുധനാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ പ്രതിസന്ധി അവതരിപ്പിക്കാൻ പൂരം സംഘാടകരായ ദേവസ്വങ്ങൾ ശ്രമം നടത്തും. സുരക്ഷ കാരണങ്ങളാൽ മിനി പൂരം ഒരുക്കുവാനുള്ള നീക്കവും അനിശ്ചിതത്വത്തിലാണ്. പതിനഞ്ച് ആനകളെ നിരത്തിയുള്ള മിനി പൂരത്തിന് അനുമതി ലഭിക്കാൻ ഇടയില്ല.