മന്ത്രിസഭാ പുനസംഘടനയില്‍ കോവൂര്‍ കുഞ്ഞുമോനെ തഴഞ്ഞെന്ന് ആരോപണം; ആര്‍എസ്പി ലെനിനിസ്റ്റില്‍ കലഹം രൂക്ഷം
മന്ത്രിസഭ പുനസംഘടനയിലെ അവഗണനയ്ക്ക് പിന്നാലെ കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി ലെനിനിസ്റ്റില്‍ കലഹം രൂക്ഷം. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ഇടതു മുന്നണി ബന്ധം ഉപേക്ഷിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കുന്നത്തൂര്‍ സീറ്റ്, പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആവശ്യം ചില സിപിഐഎം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചെന്നും സൂചനയുണ്ട്.
പുനസ്സംഘടനയുടെ ഭാഗമായി കെ ബി ഗണേഷ് കുമാറും, കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ ഇടതു മുന്നണിയുടെ ഭാഗമായ ആര്‍ എസ് പി ലെനിനിസ്റ്റില്‍ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. കുന്നത്തൂര്‍ എം എല്‍ എ കോവൂര്‍ കുഞ്ഞുമോനെ ഇടതു മുന്നണി തഴഞ്ഞുവെന്നാണ് പ്രധാന പരാതി. മന്ത്രിസ്ഥാനമോ ബോര്‍ഡ് കോര്‍പ്പറേഷന്‍ ചുമതലകളോ പാര്‍ട്ടിക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വലിയൊരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്നാണ് വിവരം. എംഎല്‍എയ്ക്ക് എതിരെ പാര്‍ട്ടിയ്ക്ക് ഉള്ളില്‍ നിന്ന് തന്നെ എതിര്‍ സ്വരങ്ങളും ശക്തമായി കഴിഞ്ഞു. തുടര്‍ ഭരണ കാലത്തും തുടരുന്ന അവഗണന സഹിച്ച് മുന്നോട്ട് പോകേണ്ടെന്നും പ്രതിഷേധംമുഖ്യമന്ത്രി, സിപിഐഎം സംസ്ഥാന സെക്രട്ടറി, മറ്റ് ഘടകകക്ഷിനേതാക്കള്‍ എന്നിവരെ കണ്ട് അറിയിക്കാനുമാണ് കോവൂര്‍ കുഞ്ഞുമോന്‍ പക്ഷത്തിന്റെ തീരുമാനം.
2001 മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച കോവൂര്‍ കുഞ്ഞുമോന് അര്‍ഹമായ യാതൊരു സ്ഥാനവും ഇടതു മുന്നണി നല്‍കിയില്ലെന്നാണ് കുഞ്ഞുമോന് ഒപ്പം ഉള്ളവരുടെ നിലപാട്. അവഗണന തുടര്‍ന്നാല്‍ ഇടതു മുന്നണിയ്ക്ക് ഒപ്പം നില്‍ക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.എന്നാല്‍ കുന്നത്തൂര്‍ സീറ്റ് പാര്‍ട്ടി തിരികെയെടുക്കണമെന്ന ആവശ്യം മണ്ഡലത്തിലെ സി പി ഐ എം നേതാക്കള്‍ തന്നെ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.