ഗവർണർ ആർഎസ്എസ് ക്രിമിനലുകളുടെ സ്വഭാവത്തിലേക്ക് തരം താഴരുത്’; അയോധ്യയിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെന്ന് ഇപി ജയരാജൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് ഇപി ജയരാജൻ. ഗവർണർ കാര്യങ്ങൾ പരിശോധിച്ച് തിരുത്തണം. ആർഎസ്എസ് ക്രിമിനലുകളുടെ സ്വഭാവത്തിലേക്ക് തരം താഴരുത് എന്ന് അദ്ദേഹം വിമർശിച്ചു. അയോധ്യയിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ട ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗവർണർ ഉയർന്ന് ചിന്തിക്കുമെന്ന് വിശ്വസിക്കുന്നു. ആർഎസ്എസ് ക്രിമിനലുകളുടെ സ്വഭാവത്തിലേക്ക് തരം താഴരുത്. ഗവർണർ നിലപാട് തിരുത്തണം. പാളിച്ചകളും പിശകുകളും എടുത്ത് ചാട്ടങ്ങളും തിരുത്തി പോകണം. പ്രതിഷേധവും സത്യപ്രതിജ്ഞയും തമ്മിൽ ബന്ധമില്ല എന്നും അദ്ദേഹം പറഞ്ഞു.
പുതിയ മന്ത്രിമാരുടെ കാര്യം മുന്നണിയിലെ ശരിയായ രാഷ്ട്രീയ തീരുമാനമാണ്. അത് ഘടക കക്ഷികൾ അംഗീകരിച്ച് നടപ്പിലാക്കാൻ മുന്നോട്ട് വന്നു. വകുപ്പുകൾ എൽഡിഎഫിൻ്റെ അധികാര പരിധിയിൽ വരുന്നതല്ല. വകുപ്പുകൾ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. സിനിമ വകുപ്പ് വേണമെന്ന അഭിപ്രായം എല്ലാവർക്കും പറയാം. തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
അയോധ്യയിൽ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ട. മതനിരപേക്ഷതയ്ക്ക് കളങ്കം വരുത്തുന്നു. ബിജെപിയുടെ അജണ്ടയ്ക്കൊപ്പം രാഷ്ട്രീയ പാർട്ടികൾ പോകുമെന്ന് കരുതുന്നില്ല. ബിജെപി വിശ്വാസത്തെ ചൂഷണം ചെയ്യുന്നു. രാഷ്ട്രീയവും വിശ്വാസവും തമ്മിൽ കൂട്ടി കലർത്തരുത്. കോൺഗ്രസിൻ്റെ രാഷ്ട്രീയ ദൗർബല്യമാണ് നിലപാട് സ്വീകരിക്കാൻ പറ്റാത്തതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സർക്കാരുമായുള്ള രൂക്ഷമായ പോര് തുടരുന്നതിനിടെയാണ് ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിൽ എത്തുന്നത്. ഗണേഷിന് ഗതാഗതവകുപ്പുംകടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നൽകുമെന്നുമാണ് വിവരം.
എൽഡിഎഫിലെ ഘടക കക്ഷികൾക്കെല്ലാം മന്ത്രിസഭയിൽ പ്രാതിനിധ്യമെന്ന ഇടത് മുന്നണിയുടെ മുൻ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും രാജി വെച്ചത്. പകരം കേരള കോൺഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറും കോൺഗ്രസ് എസിൻറെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം ടേമിൽ ഇന്ന് മന്ത്രി പദത്തിലേക്ക് എത്തും. വൈകുന്നേരം നാല് മണിക്ക് രാജ്ഭവനിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക പന്തലിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.