National

കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ; 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു

Spread the love

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ. ബുധനാഴ്ച പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പൊലീസ് തെരയുന്ന രഘുവരൻ, കറുപ്പ് അസിൻ എന്നിവരാണ് മരിച്ചത്.

കുപ്രസിദ്ധ കുറ്റവാളി പ്രഭാകരൻ്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇരുവരും കാഞ്ചീപുരം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലയിലെ പുതുപാളയം തെരുവിൽ ചൊവ്വാഴ്ചയാണ് പ്രഭാകരനെ ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയത്. രഘുവരൻ, അസിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ഇവർക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.

അതിനിടെ ഇരുവരും കാഞ്ചീപുരം ന്യൂ റെയിൽവേ സ്റ്റേഷൻ പാലത്തിന് സമീപത്തെ പൊളിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവിടെ നിന്ന് പ്രതികളെ പിടികൂടുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. പൊലീസ് ഉദ്യോഗസ്ഥരെ അരിവാളുകൊണ്ട് വെട്ടി രക്ഷപ്പെടാൻ ശ്രമിച്ച ഇവർക്ക് നേരെ സബ് ഇൻസ്‌പെക്ടർ സുധാകർ വെടിയുതിർക്കുകയായിരുന്നു.

ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കാഞ്ചീപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ രാമലിംഗം, കോൺസ്റ്റബിൾ ശശികുമാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.