National

വാതക ചോർച്ച: തമിഴ്നാടിൽ 12 പേർ ആശുപത്രിയിൽ

Spread the love

തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ വാതക ചോർച്ച. അമോണിയ വാതകം ശ്വസിച്ച 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നൂരിൽ പ്രവർത്തിക്കുന്ന ‘കോറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ്’ എന്ന വളം നിർമാണ കമ്പനിയിലാണ് സംഭവം.

അർധരാത്രി ഒരു മണിയോടെയാണ് വാതക ചോർച്ചയുണ്ടായതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ പൈപ്പ് ലൈനിൽ നിന്ന് അമോണിയ വാതകം ചോരുകയായിരുന്നു. പൈപ്പ് ലൈനിന്റെ പ്രീ കൂളിംഗ് പ്രവർത്തനത്തിനിടെയാണ് വാതക ചോർച്ചയുണ്ടായത്. വാതക ചോർച്ച പെരിയക്കുപ്പം, ചിന്നക്കുപ്പം ഗ്രാമങ്ങളിൽ പരിഭ്രാന്തി പരത്തി.

പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി ഗ്രാമീണരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ശ്വാസതടസ്സവും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട 12 പേരെ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. രാത്രിയിൽ തന്നെ കമ്പനി വാതക ചോർച്ച നിയന്ത്രണവിധേയമാക്കിയെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.