ഈ ക്രിസ്മസിനും പതിവ് തെറ്റിയില്ല; മൗതസൗഹാര്‍ദം പങ്കുവച്ച് കൊടപ്പനയ്ക്കലിലെത്തി വൈദികര്‍
ക്രിസ്മസ് സന്തോഷം പങ്കിടാന്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും വൈദികര്‍ പാണക്കാട് എത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ ആണ് സംഘം എത്തിയത്. ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന വൈദികര്‍ തങ്ങള്‍ക്ക് ക്രിസ്മസ് സമ്മാനം കൈമാറി.
മലപ്പുറം സെന്റ് തോമസ് ചര്‍ച്ച് വികാരി മാത്യു നിരപ്പേല്‍, കൊണ്ടോട്ടി സെന്റ് പോള്‍ ചര്‍ച്ച് വികാരി സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, ഫാദര്‍ തോമസ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ക്രിസ്മസ് മധുരുവമായി പതിവ് തെറ്റിക്കാതെ പാണക്കാട് എത്തിയത്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലം മുതലേ ക്രിസ്മസിന് ഇവര്‍ സമ്മാനവുമായി
എത്താറുണ്ട്.
ആചാരങ്ങള്‍ വ്യത്യസ്ത മെങ്കിലും സ്‌നേഹത്തിന്റെ കൂട്ടായ്മകള്‍ കാത്തു സൂക്ഷിക്കണമെന്ന് സ്വാദിഖലി തങ്ങള്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഇതുപേലെ സ്‌നേഹാശംസകളുമായി വൈദികര്‍ പാണക്കാട് എത്താറുണ്ട്. മുഹമ്മദലി തങ്ങളുടെ കാലം മുതല്‍ക്കേ ഈ രീതി ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കൊപ്പം കൊടപ്പനയ്ക്കല്‍ തറവാട്ടിലുണ്ടായിരുന്ന ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
ക്രിസ്മസ് സന്ദേശം പങ്കുവെക്കുകയാണ് ഈ കൂട്ടായ്മയെന്ന് ഫാദര്‍ മാത്യു നിരപ്പേല്‍. സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ മൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ക്രിസ്മസ്. ഇത്തരം മതസൗഹാര്‍ദ കൂട്ടായ്മകള്‍ എന്നും എല്ലാവരെയും ഒരുമിപ്പിച്ചുനിര്‍ത്തുന്നതാണെന്നും മാത്യു നിരപ്പേല്‍ പറഞ്ഞു.