ആദ്യം ശബരിമലയെ തേടി വന്നു, ഇപ്പോൾ പൂരത്തിന് തടസം സൃഷ്ടിക്കുന്നു; ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധം കാണേണ്ടി വരുമെന്ന് കെ സുരേന്ദ്രൻ
വടക്കുംനാഥന്റെ പൂരത്തിന് തടസം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആദ്യം അവർ ശബരിമലയെ തേടി വന്നു. അന്ന് നാടും നഗരവും അയ്യപ്പ മന്ത്രങ്ങളാൽ ഭക്തർ പ്രകമ്പനം തീർത്തപ്പോൾ അവർ മുട്ട് മടക്കി മാളത്തിൽ കയറിയെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ പൂരത്തിന് തടസം സൃഷ്ടിക്കാൻ വരികയാണ്.
പൂരം എക്‌സിബിഷൻ മൈതാനത്തിന് ഒറ്റയടിക്ക് ആറിരട്ടി തുക വാടക ആവശ്യപ്പെടുന്നു.പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങൾ ശക്തമായി എതിർത്തിട്ടും അത് മുഖവിലക്ക് എടുക്കാതെ മുന്നോട്ട് പോകുവാൻ തയ്യാറെടുക്കുകയാണ് സർക്കാരും ദേവസ്വം ബോർഡും.
തൃശൂർ പൂരത്തിന് നിങ്ങൾ അനാവശ്യ പ്രതിസന്ധി സൃഷ്ടിച്ചാൽ വടക്കും നാഥന്റെ മുൻപിൽ നടക്കുന്ന പൂരത്തിന് എന്തെങ്കിലും തടസമുണ്ടായാൽ സംസ്ഥാനം ഇന്നേ വരെ കണ്ടിട്ടില്ലാത്ത പ്രതിഷേധം കാണേണ്ടി വരും.വടക്കും നാഥന്റെ മണ്ണിൽ നിന്നുയരുന്ന ആ പ്രതിഷേധത്തെ അതി ജീവിക്കാൻ മാത്രം ശക്തിയും കരുത്തും ഒരു ഏകാധിപതിക്കും ഉണ്ടാവുകയില്ലെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.