ശബരിമലയിൽ വൻ തിരക്ക്; തീർത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു
ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്. ക്യൂ നീലിമല വരെ നീണ്ടു. പമ്പയിൽ നിന്ന് മണിക്കൂറുകൾ ഇടവിട്ടാണ് തീർത്ഥാടകരെ കയറ്റിവിടുന്നത്. നിലക്കൽ ഉൾപ്പെടെയുള്ള ഇടത്താവളങ്ങളിൽ തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എരുമേലി ഉൾപ്പെടെയുള്ള ഇടത്താവളങ്ങളിൽ ഭക്തരെ വലിയ രീതിയിൽ തടഞ്ഞതാണ് തിരക്കിനിടയാക്കിയിരിക്കുന്നത്.
വലിയ നിയന്ത്രണങ്ങൾക്ക് ശേഷമാണ് തീർത്ഥാടകരെ കടത്തിവിട്ടിരുന്നത്. തുടർന്ന് ആളുകൾ റോഡ് മാർഗം വരാതെ കാനനപാത വഴി വന്നു തുടങ്ങി. ഇതാണ് നിലവിലെ തിരക്കിന്റെ കാരണം. കൂടാതെ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. പത്തു മണിവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് 92,950 ആളുകൾ പതിനെട്ടാംപടി വഴി ദർശനം നടത്തിയെന്നാണ് റിപ്പോർട്ട്.
തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാഞ്ഞതിൽ പ്രതിഷേധിച്ച് എരുമേലിയിൽ തീർത്ഥാടകർ റേഡ് ഉപരോധിച്ചിരുന്നു. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്. അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രതിക്ഷേധവുമായെത്തിയത്. പമ്പയിൽ തിരക്കേറിയതോടെ എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിട്ടതാണ് തീർത്ഥാടകരെ പ്രതിഷേധിക്കുന്നതിനിടയാക്കിയത്.