രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിച്ചില്ല; പ്രധാനമന്ത്രിയുടേത് പുതിയ സമീപനം’; ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് പുരോഹിതര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് പുരോഹിതര്‍. മണിപ്പുര്‍ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിച്ചില്ലെന്ന് വിരുന്നില്‍ പങ്കെടുത്ത പുരോഹിതര്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയതായി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍.
പ്രധാനമന്ത്രിയുടെ പുതിയ സമീപനം പുതിയ ബന്ധത്തിന് കാരണമാകുമെന്ന് പുരോഹിതര്‍ പറഞ്ഞു. സ്‌നേഹനിര്‍ഭരമായ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നതായും കൂടിക്കാഴ്ചകള്‍ തുടരുമെന്ന് പ്രതീക്ഷിക്കാവുന്നതാണെന്നും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ നമാധ്യമങ്ങളോട് പ്രതികരിച്ചു.
സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. ഔദ്യോഗിക വസതിയിലാണ് വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു വിരുന്നില്‍ ക്ഷണം ലഭിച്ചത്.