National

‘ഞങ്ങൾക്ക് കിട്ടിയ നീതി’; ഹിജാബ് നിരോധനം പിൻവലിക്കാനുള്ള തീരുമാനത്തിന് സർക്കാരിന് നന്ദിയറിയിച്ച് മുസ്കാൻ

Spread the love

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയ കർണാടക സർക്കാരിന് നന്ദി അറിയിച്ച് മുസ്‌കാൻ. സംസ്ഥാനത്ത് കോളജുകളിൽ ഹിജാബ് നിരോധിച്ചപ്പോൾ സംഘപരിവാറിനും ബിജെപി സർക്കാരിനുമെതിരെ ശബ്ദമുയർത്തിയ പെൺകുട്ടിയാണ് മുസ്കാൻ.
ഹിജാബ് നിരോധനം പിൻവലിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മന്ത്രി സമീർ അഹമ്മദ് ഖാൻ, നിയമസഭാ സ്പീക്കർ യു.ടി ഖാദർ എന്നിവർക്കും മുസ്കാൻ നന്ദി പറഞ്ഞു.

ഹിജാബ് നിരോധനം പിൻവലിച്ചതോടെ തങ്ങൾക്ക് നീതി കിട്ടിയെന്ന് മുസ്കാൻ പ്രതികരിച്ചു. തങ്ങളുടെ വിശ്വാസ അവകാശമാണ് തിരിച്ചുകിട്ടിയത്. ശിരോവസ്ത്രം വിദ്വേഷത്തിന്റെ പ്രതീകമല്ല. അതിനെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും മുസ്‌കാൻ കൂട്ടിച്ചേർത്തു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിച്ചാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ചത്. എന്നാൽ ഈ നിരോധനം അംഗീകരിച്ച് മുസ്ലീം വിദ്യാർത്ഥികൾക്ക് ഹിജാബ് ഉപേക്ഷിക്കാനാകില്ലെന്നും അവർ പറഞ്ഞു.

ഹിജാബ് നിരോധിച്ചതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർഥികൾക്കുള്ള നീതിയാണ് സർക്കാരിന്റെ ഈ നടപടി. പഠനം നിർത്തേണ്ടി വന്ന താനിപ്പോൾ പിഇഎസ് കോളജിൽ പഠനം തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം, കർണാടകയിൽ ഹിജാബുമായി ബന്ധപ്പെട്ട വിവാദത്തിനിടെ അസൈൻമെന്റ് സമർപ്പിക്കാനായി കോളജിൽ ഹിജാബ് ധരിച്ചെത്തിയ മുസ്കാനെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് സംഘപരിവാർ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

ഈ മാസം 22നാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. വസ്ത്രവും ഭക്ഷണവും ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശവും തീരുമാനവുമാണെന്നും എന്തിനാണ് അതിന് തടസ്സം സൃഷ്ടിക്കുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു. അതേസമയം പിൻവലിക്കാനുള്ള തീരുമാനം സംബന്ധിച്ച് ഔ​ദ്യോ​ഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും കൂടിയാലോചനയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കി. ഹിജാബ് വിവാദം സെൻസിറ്റീവ് വിഷയമാണെന്നും നിയമപരമായ ചട്ടക്കൂട് പരിഗണിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു.