നവകേരള സദസ് ബഹിഷ്കരിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം സംഘപരിവാറിന് വേണ്ടി; മുഖ്യമന്ത്രി
സംഘ പരിവാറിന്റെ അജണ്ട ആദ്യമേ ഏറ്റെടുത്തത് പ്രതിപക്ഷ നേതാവാണെന്നും നവകേരള സദസ്സ് ബഹിഷ്കരിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം സംഘ പരിവാറിന് വേണ്ടിയാണെന്നും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായുള്ള കോൺഗ്രസിന്റെ ആത്മബന്ധം ശക്തമാണെന്നാണ് ഇത് കാണിക്കുന്നത്. അത് നേമത്തുകാർക്ക് വ്യക്തമാണല്ലോയെന്നും അദ്ദേഹം പരിഹസിച്ചു. ഇവിടെയാണ് ബി ജെ പിക്ക് അക്കൗണ്ട് തുറക്കാൻ കോൺഗ്രസ് അവസരമൊരുക്കിയത്.
നാണം കെട്ട പ്രവൃത്തികൾ ചെയ്യുന്നതിന് മടിയില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ് കോൺഗ്രസിന്റേത്. ഇന്നത്തെ കോൺഗ്രസ് നേതാക്കളിൽ പലരും ബി ജെ പിക്ക് നല്ല വ്യക്തികളാണ്. തങ്ങളുടെ കൂടെ ബി ജെ പി വേണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. നാല് വോട്ടിന് വേണ്ടി അല്ലെങ്കിൽ മൂന്ന് സീറ്റിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് മടിയില്ല. എല്ലാം ബി ജെ പിക്ക് വേണ്ടിയെന്നതാണ് കോൺഗ്രസ് നേത്യത്വത്തിന്റെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കെപിസിസി മാർച്ചിനെതിരെ പൊലീസ് സ്വീകരിച്ചത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പൊലീസ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയില്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. കേരള ചരിത്രത്തില്‍ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. പൊലീസിന്റെ നിയന്ത്രണം പൂര്‍ണമായും സിപിഐഎമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പൊലീസ് മേധവി സേനയ്ക്ക് മേല്‍ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തുള്ളപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കാടത്തം കാട്ടിയത്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പൊലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണം. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യുഡിഎഫുും പിന്‍മാറില്ല. ജനവിരുദ്ധ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.