‘എനിക്ക് മാത്രമായി ഒരു സഹായവും വേണ്ട, എല്ലാവർക്കും പെൻഷൻ ലഭിക്കണം’; മറിയക്കുട്ടി
കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് മറിയക്കുട്ടി. തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടെന്നും എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു. അതിനായുള്ള കോടതി ഇടപെടലാണ് ആഗ്രഹിക്കുന്നത്. തന്നെക്കാൾ ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്. കോടതിയിൽ സർക്കാർ ഇന്ന് തന്നെ അപമാനിച്ചു. സർക്കാർ അനുകൂലമായി നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
അതേസമയം പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവര്‍ത്തിച്ചു. ഹർജിക്കാരിയെ അപഹസിച്ച സർക്കാർ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു. ഹർജിയിൽ സർക്കാരും കോടതിയും തമ്മിൽ രൂക്ഷമായ വാഗ്വാദമാണ് കോടതിയിൽ നടക്കുന്നത്.
കോടതി അനാവശ്യമായ കാര്യങ്ങൾ പറയുന്നുവെന്ന് സർക്കാർ പറഞ്ഞു. താൻ എന്ത് തെറ്റാണ് പറഞ്ഞതെന്ന് പറയണമെന്ന് കോടതി പറഞ്ഞു. പറഞ്ഞാൽ താൻ ഈ കേസിൽ നിന്ന് പിന്മാറാൻ തയ്യാറാണ്. വയസായ ഒരു സ്ത്രീയുടെ കൂടെ നിന്നതാണോ തെറ്റ്. താൻ പറഞ്ഞ തെറ്റ് ഈ ബാറിലെ ആരെങ്കിലും ചൂണ്ടി കാണിച്ചാൽ കേസിൽ പിന്മാറാൻ തയ്യാറാണെന്നും ജസ്റ്റീസ് ദേവൻ പറഞ്ഞു. കോടതിയുടെ വിമർശനം ശക്തമായതോടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന പരാമർശം പിൻവലിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു.