കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി
കൊല്ലം കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്‍റിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും മകൻ മാധവിനെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടത്.
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രണ്ടുവർഷത്തിലേറെയായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു ഇവരുടെ താമസം . കുടുംബത്തിന് കടബാധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊല്ലത്ത് പ്രിന്‍റിങ്ങ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. ഇത് കൊല്ലത്ത് നിന്ന് കേരളപുരത്തേക്ക് മാറ്റിയിരുന്നു.
രാജീവ് പ്രസിലേക്ക് എത്താത്തതിനെ തുടർന്ന് ജീവനക്കാർ ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ ഏറെ നേരം വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് ജീവനക്കാർ വീട്ടിലേക്ക് വരികയായിരുന്നു. ഗേറ്റ് പൂട്ടിയ നിലയിലും വീടിന്റെ വാതിൽ തുറന്ന നിലയിലുമായിരുന്നു. പിന്നീട് അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.