തമിഴ്നാടിന്റെ തെക്കൻ ജില്ലകൾ പ്രളയഭീതിയിൽ; വിവിധയിടങ്ങളിൽ റെഡ് അലേർട്ട്
തമിഴ്നാടിന്റെ തെക്കൻ ജില്ലകൾ പ്രളയഭീതിയിൽ തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ ഇന്ന് ഉച്ചവരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തേനി, വിരുദുനഗർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ ഇന്ന് പൊതു അവധിയാണ്.
കന്യാകുമാരിയിൽ സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു. മഴയക്ക് നേരിയ ശമനമുണ്ടെങ്കിലും നാല് ജില്ലകളിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനെത്തി. 42 പേരെയാണ് ഇന്നലെ എയർ ലിഫ്റ്റ് ചെയ്തത്. മന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെ നാല് മന്ത്രിമാരെ കൂടി പ്രളയ രക്ഷാ പ്രവർത്തനത്തിനായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചുമതലപ്പെടുത്തി. റെയിൽപാളങ്ങളിൽ വെളളം കയറിയതിനാൽ ഇന്ന് ഒരു ട്രയിൻ റദ്ദാക്കി. കോയമ്പത്തൂർ – നാഗർകോവിൽ എക്സപ്രസാണ് റദ്ദാക്കിയത്. 16 സർവീസുകൾ ഭാഗികമായി റദ്ദാക്കി. 3 ട്രയിനുകൾ വഴിതിരിച്ചു വിട്ടു.
അതേസമയം കേരളത്തിൽ ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കൻ കേരളത്തിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.