‘എനിക്ക് സംഘപരിവാര്‍ പട്ടം ചാര്‍ത്തി നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കൂ’; കെ. സുധാകരൻ
ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഷന്‍ വാങ്ങിയ ദിനം തന്നെ തന്നെ സംഘപരിവാറിന്റെ ചാപ്പകുത്താന്‍ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് കെപിസിസി പ്രസിഡന്റ്. നരേന്ദ്ര മോദിക്കെതിരെ നാവുചലിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉള്‍ക്കൊള്ളില്ല. എനിക്ക് സംഘപരിവാര്‍പട്ടം ചാര്‍ത്തി നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതം.
കോണ്‍ഗ്രസിന്റെ മതേതര ഗര്‍ഭപാത്രത്തില്‍ ജനനം കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ദൃഢപ്രതിജ്ഞയെടുത്ത് പൊതുപ്രവര്‍ത്തന രംഗത്ത് കടന്നുവന്നവനാണ് ഞാന്‍. നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ കൂട്ടത്തില്‍ ഒരാളാണ് ഞാന്‍. മഹാത്മാ ഗാന്ധിജിയും ജഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള മഹാരഥന്‍മാരായ കോണ്‍ഗ്രസിന്റെ പൂര്‍വ്വസൂരികള്‍ പകര്‍ന്ന് നല്‍കിയ മതേതര ബോധമാണ് എന്റെ ഞരമ്പിലോടുന്ന ഓരോ തുള്ളി രക്തവും. അതിന്റെ ശുദ്ധി അളക്കാന്‍ സംഘപരിവാറിന്റെ അച്ചാരം വാങ്ങി,കേരളത്തില്‍ അവര്‍ക്ക് ചുവന്ന പരവതാനി വിരിക്കാന്‍ പണിയെടുക്കുന്ന ആരും മെനക്കെടണമെന്നില്ല. നാടിന്റെ ബഹുസ്വരതയും മതേതരത്വവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ഒരു മതേതരവാദിയെ സംഘപരിവാറുകാരനെന്ന് ചാപ്പകുത്തി തകര്‍ക്കുകയെന്ന കുത്സിത ശ്രമത്തിന്റെ ഭാഗമാണ് കുറുച്ചുനാളുകളായി എനിക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍. അത് നിങ്ങള്‍ തുടരുക. അതിന്റെ പേരില്‍ തളര്‍ന്ന് പിന്‍മാറാന്‍ എന്നെ കിട്ടില്ല. ഫാസിസത്തിന് എതിരായ സന്ധിയില്ലാത്ത പോരാട്ടം ഞാന്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.
സെനറ്റിലേക്ക് യോഗ്യതയില്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യുന്നതെങ്കില്‍ അതിനെ ശക്തമായി വിമര്‍ശിക്കും എന്നാണ് ഞാന്‍ വ്യക്തമാക്കിയത്. സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തവരുടെ മെറിറ്റ് നോക്കി നിയമിക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതല്ലാതെ, സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം എന്റെ ശൈലിയല്ല. പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധ്യമല്ല. സംഘപരിവാര്‍ ആശയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണ്ണറെ ഒരുകാലത്തും കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല. ഗവര്‍ണ്ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടവരാണ് ഞങ്ങള്‍. എന്നാല്‍ അതിനെ അനുകൂലിച്ചില്ലെന്ന് മാത്രമല്ല, ആ ആവശ്യത്തെ പരാജയപ്പെടുത്തിവരാണ് പിണറായി വിജയനും കൂട്ടരും.
മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഇപ്പോള്‍ നടത്തുന്ന പോര് വെറും രാഷ്ട്രീയ കച്ചവടത്തിന്റെ പേരില്‍ നടക്കുന്ന നൈമിഷികമായ സ്പര്‍ദ്ധമാത്രമാണ്. ഇരുവരുടേയും ഈ ഒത്തുകളി എത്രയോ തവണ കേരളം കണ്ടതാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങള്‍ വരുമ്പോള്‍ മാത്രം പൊട്ടിപ്പുറപ്പെടുന്ന ഒന്നാണ് ഗവര്‍ണര്‍-മുഖ്യമന്ത്രി പോര്. ശേഷം ഇരുവരും ഒത്തുതീര്‍പ്പിലെത്തും. കേരളത്തിലെ സര്‍വകലാശാലകളെ വല്ലാത്ത പരുവത്തിലാക്കിയതും ഇതേ ധാരണയുടെ പുറത്താണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി വൈസ് ചാന്‍സിലറെ നിയമിക്കാന്‍ വഴങ്ങിയ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പലഘട്ടത്തിലും മുഖ്യമന്ത്രിയോടുള്ള മമത കാട്ടിയിട്ടുണ്ട്. ഗവര്‍ണറുടെ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും നിറവേറ്റാനും മുഖ്യമന്ത്രിയും പ്രത്യേകം ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. സിപിഎമ്മിനും ബിജെപിക്കും പരസ്പരം കൈകോര്‍ക്കാനുള്ള നിരവധി പാലങ്ങളിലൊന്നാണ് ഗവര്‍ണര്‍. അത് നിലനിര്‍ത്തി കൊണ്ട് ജനശ്രദ്ധതിരിക്കാനും കണ്ണില്‍പ്പൊടിയിടാനും ഇത്തരം വിവാദങ്ങള്‍ മനഃപൂര്‍വ്വം അവര്‍ സൃഷ്ടിക്കുന്നതാണ്. പരാജയപ്പെട്ട നവ കേരള സദസിന്റെ ജാള്യത മറയ്ക്കാനുള്ള പാഴ് ശ്രമമാണ് ഇപ്പോള്‍ എന്നെ കരുവാക്കി ഉയര്‍ത്തി കൊണ്ടുവരുന്ന പുതിയവിവാദം. അത് വിലപ്പോകില്ലെന്ന് മാത്രം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. – സുധാകരൻ വിശദീകരിച്ചു.
സർവകലാശാലകളുടെ സെനറ്റുകളിലേക്ക് ആർ.എസ്.എസുകാരെ തിരുകിക്കയറ്റിയ ഗവർണ്ണറുടെ നടപടിയെ അനുകൂലിക്കുന്ന കെ. സുധാകരന്റെ പ്രസ്താവന കോൺഗ്രസ്സ് – ബി ജെ പി രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തി. ഇതിലൂടെ കേരളത്തിലെ കോൺഗ്രസ്സ്, ആർ.എസ്.എസ്സിന് വിടുപണി ചെയ്യുകയാണ്. ഗവർണ്ണറുടെ നോമിനികൾ സംഘപരിവാർ ആയതു കൊണ്ട് മാത്രം എതിർക്കില്ല എന്നു പറയുന്ന സുധാകരൻ ആർ.എസ്.എസ്സിന്റെ പിൻവാതിൽ രാഷ്ട്രീയത്തിന് പരവതാനി വിരിക്കുകയാണ്.
സുധാകരൻ പറഞ്ഞത് ഇപ്രകാരമാണ്… ഒരു ഗവർണർ ചെയ്യുന്ന കാര്യത്തെ ഞങ്ങൾ എന്തിനാണ് വിമർശിക്കുന്നത്? ബിജെപി അനുകൂല അളുകളെ നോമിനേറ്റ് ചെയ്തതിനെ എതിർക്കുന്നില്ല. അതിലെന്താണ് തെറ്റുള്ളത്. അവിടെയും നല്ല ആളുകൾ ഉണ്ട്, അവരെ വെക്കുന്നതിനെ എതിർക്കില്ല. കോൺഗ്രസ്സിലെ പറ്റുന്നവരെ എടുക്കുമ്പോൾ ഞങ്ങൾ അതിനെയും സ്വീകരിക്കും. ഈ നിലയിൽ ദേശീയ തലത്തിലെ കോൺഗ്രസ്സിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടു പോലും തമസ്കരിച്ചു കൊണ്ടാണ് കെ സുധാകരൻ മുന്നോട്ട് പോകുന്നത്.
ഗവർണറുടെ തീരുമാനങ്ങൾ എന്തുതന്നെയായാലും എതിർക്കില്ല എന്ന് കൂടി പറഞ്ഞ കെപിസിസി അധ്യക്ഷൻ കേരളത്തിലെ കോൺഗ്രസ്സും ആർ എസ്സ്എസ്സും തമ്മിലുള്ള അവിശുന്ധ രാഷ്ട്രീയ സഖ്യം പരസ്യമാക്കിയിരിക്കുകയാണ്.
ഇത് കോൺഗ്രസ്സിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ദേശീയ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. സഖ്യ കക്ഷിയായ മുസ്ലീംലീഗിനും ഇതേ നിലപാടാണോ എന്ന് അറിയേണ്ടതുണ്ട്.
കോൺഗ്രസ്സ് പിന്തുണയോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല കാവിവത്കരിച്ചു കളയാമെന്ന ചാൻസിലറുടെ മോഹം കേവലം മലർപ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുമെന്നും രാഷ്ട്രീയ ദുരന്തമായ സുധാകരന്റെ ഈ സംഘപരിവാർ അനുകൂല നിലപാടിന് മതേതര കേരളം മറുപടി പറയുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.