Kerala

പിന്നില്‍ ഡിവൈഎഫ്‌ഐ എങ്കില്‍ കര്‍ശന നടപടി; ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ സജി ചെറിയാന്‍

Spread the love

മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ച ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാന്‍. സംഭവം സിപിഐഎം അന്വേഷിക്കും. പാര്‍ട്ടി നേതൃത്വത്തിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാരനെ മര്‍ദിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിക്ക് മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ യുവജന സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനമേറ്റത്. കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടത്തിലിനെ മര്‍ദിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അജിമോനെ മര്‍ദിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. കായംകുളത്ത് വച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴി കരിങ്കൊടി കാണിക്കുകയായിരുന്നു അജിമോന്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം സംസ്ഥാനമൊട്ടാകെ പൊലീസിനും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും എതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. നവ കേരള സദസ്സിനും മുഖ്യമന്ത്രിക്കും എതിരെയുള്ള പ്രതിഷേധങ്ങളെ അക്രമത്തിലൂടെ നേരിടുന്നു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ സമരം. ഈ മാസം 20ന് കോണ്‍ഗ്രസ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും മാര്‍ച്ച് നടത്തും. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്കും പൊലീസ് തേര്‍വാഴ്ച്ചയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തും. അതിന് പിന്നാലെ കെഎസ്യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചും ഉണ്ടാകും. നവ കേരളസഭസ് അവസാനത്തോട് അടുക്കുമ്പോള്‍ പ്രതിഷേധവും കൂടുതല്‍ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിനുള്ളിലെ തീരുമാനം.