Kerala

ബിജെപി സ്ഥാനാര്‍ത്ഥിയായി നിന്നുനോക്കൂ, ഹല്‍വ തന്ന കൈകൊണ്ട് നിങ്ങളെ തോല്‍പ്പിക്കും, അതാണ് കോഴിക്കോടിന്റെ ബോധം’; ഗവര്‍ണറോട് മന്ത്രി റിയാസ്

Spread the love

കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണെന്ന് മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവര്‍ണറോട് നന്ദി പറയുന്നുവെന്ന് മന്ത്രി പി മുഹമ്മദ് റിയാസ്. ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്തും ഗവര്‍ണര്‍ക്ക് ഇങ്ങനെ ഇറങ്ങി നടക്കാന്‍ കഴിയില്ല. അത്ര ഭദ്രമാണ് കേരളത്തിലെ ക്രമസമാധാന നില. ഗവര്‍ണര്‍ തന്നെ അത് നേരിട്ട് തെളിയിച്ചുവെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ ജനത മിഠായി തെരുവില്‍ നിങ്ങളെ സന്തോഷത്തോടെ ഹല്‍വ തന്ന് സ്വീകരിച്ചു. എന്നാല്‍ നിങ്ങള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു നോക്കൂ. ഹല്‍വ തന്ന അതേ കൈകൊണ്ട് നിങ്ങളെ പരാജയപ്പെടുത്തും. അതാണ് കോഴിക്കോടിന്റെ ബോധം’. മന്ത്രി പറഞ്ഞു. മിഠായിതെരുവിലൂടെ നടക്കുമ്പോള്‍ ആ തെരുവില്‍ നിങ്ങള്‍ക്ക് ചോരക്കറ കാണാം. പാവപ്പെട്ടവന്റെ മക്കള്‍ക്ക് പഠിക്കാനുള്ള അവകാശത്തിനായി വിദ്യാര്‍ത്ഥികള്‍ നടത്തിയ പോരാട്ടത്തിന്റെ ചോരക്കറയാണത്. എസ്എഫ്‌ഐ എന്ന സംഘടനയുടെ ചോരക്കറയാണ് അത് മിസ്റ്റര്‍ ഗവര്‍ണര്‍. ഇതേ മിഠായിതെരുവില്‍ പണ്ട് ഒരു തീപിടുത്തം ഉണ്ടായിരുന്നു. അന്ന് ഫയര്‍ഫോഴ്‌സിനും വ്യാപാരികള്‍ക്കും ഒപ്പം ഓടിവന്ന് വിദ്യാര്‍ഥികള്‍ ഒരു സംഘടനയുടെ കീഴില്‍ അണിനിരന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. ആ സംഘടനയുടെ പേരാണ് എസ്എഫ്‌ഐയെന്നും മന്ത്രി റിയാസ് പറഞ്ഞു.

കേരളത്തിലെ കലാലയങ്ങളില്‍ റാഗിംഗ് ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാരണം സെയ്താലിയുടെ പിന്മുറക്കാരാണ് എസ്എഫ്‌ഐ . പട്ടാമ്പി കോളേജില്‍ റാഗിങ്ങിന് എതിരെ പോരാട്ടം നടത്തി രക്തസാക്ഷിയായ സെയ്താലിയുടെ പിന്‍മുറക്കാര്‍. പിന്നെ നിങ്ങള്‍ എസ്എഫ്‌ഐയുടെ പോരാട്ടത്തെക്കുറിച്ച് പറഞ്ഞുവല്ലോ. അടിയന്തരാവസ്ഥയുടെ നാളുകളില്‍ എസ്എഫ്‌ഐയില്‍ നിന്ന് രാജിവച്ചാല്‍ മിസ്സാ നിയമം ഒഴിവാക്കാം എന്ന് പറഞ്ഞപ്പോള്‍ ജീവിതത്തില്‍ നിന്ന് രാജിവെക്കാം എന്നാല്‍ എസ്എഫ്‌ഐയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറല്ല എന്നു പറഞ്ഞ മുഹമ്മദ് മുസ്തഫയുടെപിന്മുറക്കാരാണ് എസ്എഫ്‌ഐ എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.