Kerala

കാലിക്കറ്റ് സര്‍വകലാശാലയിലെ സനാതന ധര്‍മപീഠം സെമിനാര്‍; പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി

Spread the love

കാലിക്കറ്റ് സര്‍വകലാശാലയിലെ സനാതന ധര്‍മപീഠം/ ഭാരതീയ വിചാര കേന്ദ്രം സെമിനാറില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി. സര്‍വകലാശാല ജീവനക്കാര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ ചാന്‍സലറാണ് അനുമതി നല്‍കിയത്.

നാളെ ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയാണ് ജീവനക്കാര്‍ പങ്കെടുക്കുക. സനാതന ധര്‍മപീഠം കോ-ഓഡിനേറ്ററുടെ അപേക്ഷ പരിഗണിച്ചാണ് സര്‍വകലാശാല നടപടി. ബ്രാഞ്ച് ഓഫീസര്‍മാര്‍ക്കും വകുപ്പ് മേധാവിമാര്‍ക്കും അനുമതി നല്‍കും. ഗവര്‍ണറുടെ സുരക്ഷ പരിഗണിച്ച് പരിപാടിക്ക് പാസും ഏര്‍പ്പെടുത്തി.

എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കനത്ത സുരക്ഷാ വലയത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ എത്തിയത്. ഗവര്‍ണര്‍ എന്തൊക്കെയോ വിളിച്ചു പറയുകയാണെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എസ് എഫ് ഐ നടത്തുന്ന പ്രതിഷേധത്തെ ന്യായീകരിക്കുകയും ചെയ്തു.

സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഗവര്‍ണര്‍, പതിനൊന്നെകാലോടെ സ്വകാര്യ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടെയ്ക്ക് തിരിച്ചു. പാണക്കാട് സാദിക്കലി തങ്ങളുടെ മകന്റെ വിവാഹമായതിനാല്‍ ഇന്ന് പ്രതിഷേധം പൂര്‍ണ്ണമായും ഒഴിവാക്കാനായിരുന്നു എസ് എഫ് ഐയുടെ തീരുമാനം. നിയമസഭ തീരുമാനിച്ചിട്ടും ചാന്‍സിലര്‍ പദവിയില്‍ കടിച്ചു തൂങ്ങുന്ന ഗവര്‍ണര്‍, സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സുരക്ഷയില്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി പി രാജീവ് വിമര്‍ശിച്ചു. പേരക്കുട്ടികളുടെ പ്രായമുള്ളവരെ വെല്ലുവിളിക്കുന്ന ഗവര്‍ണര്‍ സ്വന്തം പ്രായം നോക്കണമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം. എസ് എഫ് ഐ ഇന്ന് പ്രതിഷേധം ഒഴിവാക്കിയെങ്കിലും കനത്ത സുരക്ഷയിലാണ് സര്‍വകലാശാല.