ശബരിമലയിലെ തിരക്ക് ഒഴിവാക്കാൻ ദേവസ്വം ബോർഡിന്റെ നടപടി
ശബരിമലയിലെ തിരക്ക് ഒഴിവാക്കാൻ ദേവസ്വം ബോർഡിന്റെ നടപടി. ശബരിമലയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി കോര്‍ഡിനേറ്ററെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. തീർത്ഥാടനകാലം കഴിയുന്നതുവരെ ബോർഡ് പ്രസിഡന്റും അംഗങ്ങളും ശബരിമലയിൽ തങ്ങും.
ഭക്തജന തിരക്ക് ഒഴിവാക്കാനായി ശബരിമല, നിലയ്ക്കല്‍, പമ്പ കോര്‍ഡിഡേറ്ററായി വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ മുരാരി ബാബുവിനെ നിയമിക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം ലക്ഷ്യമാക്കിയാണ് നിയമനം. മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടന കാലം കഴിയുന്നതുവരെ ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ശബരിമലയില്‍ ഉണ്ടാകും.
അതിനിടെ, ശബരിമല മണ്ഡലം മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതുമുതൽ പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം രൂക്ഷമായി. ശബരിമലയിലെ വെര്‍ച്വല്‍ക്യൂവിന്റെ ചുമതല ദേവസ്വം ബോര്‍ഡിനാണ്. ഒരു ലക്ഷം വരെയുള്ള ഭക്തര്‍ക്ക് ദിവസവും വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബോര്‍ഡ് അനുമതി നല്‍കുന്നു. ഇതു അറുപതിനായിരമാക്കി പരിമിതപ്പെടുത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇതു തള്ളി. കഴിഞ്ഞ മണ്ഡലം-മകരവിളക്ക് കാലത്ത് 90,000 പേര്‍ക്ക് വരെ ദര്‍ശനം അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ബോര്‍ഡിന്റെ നിലപാട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലും തര്‍ക്കമുണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് പ്രതിദിന ഭക്തരുടെ എണ്ണം എന്‍പതിനായിരം എന്ന നിലയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. സോപാനത്തിലും പതിനെട്ടാംപടിയിലും പരിചയസമ്പന്നരായ പോലീസുകാരെ നിയോഗിക്കാത്തതാണ് തിരക്കിന് കാരണമായി ബോര്‍ഡ് ആരോപിക്കുന്നത്.