Health

‘മാടമ്പിത്തരവും ആജ്ഞാപിക്കലും കയ്യിൽ വെച്ചാൽ മതി’; രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജു

Spread the love

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതരിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ഡോ. ആർ ബിജു. തീയറ്ററിൽ ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോ. ബിജുവിന് ഒക്കെ എന്താണ് റെലവൻസ് ഉള്ളതെന്നായിരുന്നു രഞ്ജിത്തിന്റെ പരാമർശം.ഒരു മാധ്യമത്തിലൂടെ രഞ്ജിത്ത് നടത്തിയ ചില പരാമർശങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ കുറിച്ച തുറന്ന കത്തിലാണ് ഡോ. ആർ ബിജുവിന്റെ പ്രതികരണം.

“ആദ്യമേ തന്നെ താങ്കളുടെ അജ്ഞതയിൽ സഹതാപം രേഖപ്പെടുത്തട്ടെ. തീയറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും. തീയറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല,” ഡോ. ബിജു കുറിച്ചു.

”ഒരു കാര്യം ചോദിച്ചോട്ടെ , വിവിധ ലോക രാജ്യങ്ങളിൽ നിന്നായി ഈ മേളയിൽ പ്രദർശിപ്പിക്കുന്ന നിരവധി സിനിമകൾ ഉണ്ട് . ലോകത്തെ പ്രധാന ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകൾ ഇവിടെ മേളയിൽ കാണിക്കുന്നത് . അല്ലാതെ ആ സിനിമകൾ അവിടങ്ങളിൽ തീയറ്ററുകളിൽ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത്. അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങൾ ആണല്ലോ കേരളാ സർക്കാരിന്റെ ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കുന്നത് എന്നോർക്കുമ്പോൾ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നുണ്ട്,” ഡോ. ബിജു കൂട്ടിച്ചേർത്തു.