‘തിരക്കുകൂട്ടേണ്ട, ഇനിയും സമയമുണ്ട്’; ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ലെന്ന് ജയ് ഷാ
ഏകദിന ലോകകപ്പ് കലാശപ്പോരിൽ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും, അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ടീം ഇന്ത്യ മടങ്ങിയത്. ഒരു കളിപോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ മുന്നിൽ നിന്ന് നയിച്ചപ്പോൾ കോലിയും ഷമിയും മികച്ച പിന്തുണ നൽകി. കപ്പ് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ടീമിന്റെ പ്രകടനത്തിൽ പൂർണ തൃപ്തരാണ്.
ഏകദിന ലോകകപ്പിലെ തോൽവി വിലയിരുത്താൻ അടുത്തിടെ നടന്ന ബിസിസിഐ യോഗത്തിൽ, ടി20 ലോകകപ്പിലും രോഹിത് തന്നെ ടീമിനെ നയിക്കണമെന്ന പൊതു അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഹിറ്റ്മാൻ ഇന്ത്യൻ ജേഴ്സിയിൽ ടി20 കളിച്ചിട്ടില്ല. രോഹിതിന്റെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയെ നയിക്കുന്നത്.
എന്നാൽ ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് താരം ടീമിൽ നിന്ന് പുറത്തായി. അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയൻ ടി20 പരമ്പരയിൽ യുവ ഇന്ത്യൻ ടീമിനെ നയിച്ചത് സൂര്യകുമാർ യാദവായിരുന്നു. എന്തായാലും ജൂണിൽ ടി20 ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യയെ ആരു നയിക്കുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. രോഹിത് തന്നെയാകും ഇന്ത്യൻ നായകൻ എന്നാണ് അഭ്യൂഹങ്ങൾ. ഇതിനിടെ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.
ടി20 ലോകകപ്പിൽ ഇന്ത്യയെ ആരു നയിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഷാ പറയുന്നത്. ക്യാപ്റ്റനെ തീരുമാനിക്കാൻ ഇനിയും സമയമുണ്ട്. ജൂണിലാണ് ടി20 ലോകകപ്പ് ആരംഭിക്കുക. അതിനുമുമ്പ് ഐപിഎല്ലും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയുമുണ്ട്. ഹാർദിക് പാണ്ഡ്യയുടെ പരുക്ക് മാറിയാൽ അഫ്ഗാൻ പരമ്പരയിൽ കളിക്കുമെന്നും ജയ് ഷാ പറഞ്ഞു. പാണ്ഡ്യ ഇപ്പോൾ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലുണ്ട്. താരത്തെ നിരീക്ഷിച്ചുവരുന്നു. തിരിച്ചുവരാനുള്ള കഠിനാധ്വാനത്തിലാണ് അദ്ദേഹമെന്നും ഷാ.