കാനത്തിന് വിട നല്‍കാന്‍ രാഷ്ട്രീയ കേരളം; സംസ്‌കാരം 11 മണിക്ക്; വാഴൂരിലെ വീട്ടിലേക്ക് പുലര്‍ച്ചെ മുതല്‍ ജനങ്ങളുടെ ഒഴുക്ക്
കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും. കോട്ടയം വാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാരം. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്രയില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.
പുലര്‍ച്ചെ ഒരുമണിയോടെയാണ് കാനം രാജേന്ദ്രന്റെ ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തെത്തിച്ചത്. പുലര്‍ച്ചെ മുതല്‍ കാനത്തിന്റെ വസതിയിലേക്ക് ജനം ഒഴുകിയെത്തുകയാണ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഹൃദയാഘാതം മൂലം കാനം മരണപ്പെടുന്നത്. അരനൂറ്റാണ്ടിലേറെക്കാലമായി ഇടതുപക്ഷത്തിനൊപ്പം കരുത്തോടെ പ്രവര്‍ത്തിച്ച നേതാവിനെയാണ് കേരളത്തിന് നഷ്ടമായത്.
52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു കാനം. രണ്ട് തവണ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്. 1982ലും 1987ലുമാണ് കാനം നിയമസഭയിലെത്തിയത്. മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി.
വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊന്‍പതാം വയസില്‍ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവര്‍ത്തന മികവിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തല്‍ ശക്തിയായി കാനം പ്രവര്‍ത്തിച്ചുവരികയായിരുന്നു.