ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഓസ്ട്രേലിയയ്ക്കെതിരെ സ്വന്തം തട്ടകത്തിൽ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവ ടീം. ഡർബനിലെ കിംഗ്സ്മീഡിലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം 4-1 ന് വിജയിച്ചിരുന്നു. ടി20 ലോകകപ്പ് അടുത്തിരിക്കെ തുടർച്ചയായ രണ്ടാം പരമ്പരയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവനിര ഇറങ്ങുന്നത്. മാത്രമല്ല യുവതാരങ്ങൾക്ക് ഇനി വരാനിരിക്കുന്ന പരമ്പര നിർണായകമാണ്.
ടീമിലെ സ്ഥിരം സാന്നിധ്യമായ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും സൂര്യയുടെ സംഘത്തിലുണ്ട്. ഓസ്ട്രേലിയൻ പരമ്പരയിലെ ടോപ് സ്കോററാണെങ്കിലും ഗില്ലിന്റെ തിരിച്ചുവരവോടെ റുതുരാജ് ഗെയ്ക്വാദിന്റെ സ്ഥാനം നഷ്ടമാകും. വിക്കറ്റിന് പിന്നിൽ ഇഷാൻ കിഷന് തന്നെയായിരിക്കും സാധ്യത. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ പേസ് ബോളിങ്ങിൽ അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ എന്നിവരെ ഇന്ത്യയ്ക്ക് പരീക്ഷിക്കേണ്ടതുണ്ട്.