ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി; തീരുമാനം സംസ്ഥാന എക്‌സിക്യൂട്ടിവിൽ
കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ഏക കണ്ഠമായി തെരഞ്ഞെടുത്തു. സംസ്ഥാന എക്സിക്യൂട്ടിവിലാണ് ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല നൽകാൻ തീരുമാനിച്ചത്. 28 ന് സംസ്ഥാന കൗൺസിൽ ചേർന്ന്
ഇതിന് അംഗീകാരം നൽകും.
മഹാരഥൻമാർ ഇരുന്ന കസേരയിൽ ഇരിക്കാൻ അവരുടെ അത്ര യോഗ്യനല്ല താനെന്നും എന്നാൽ തന്റെ കഴിവിനൊത്ത് പ്രവർത്തനം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടത്തുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. എൽ ഡി എഫിനെ ശക്തിപ്പെടുത്തുകയാണ് തന്റെ പ്രധാന ലക്ഷ്യം. പല ഘട്ടങ്ങളിലും എൽ ഡി എഫിനെ വിമർശിച്ചിട്ടുണ്ട്. പക്ഷെ അത് മുന്നണിയെ ദുർബലമാക്കാനല്ലെന്നും എൽ ഡി എഫിനെ കൂടുതൽ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാനത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചുവെന്നും ഡി. രാജ പ്രതികരിച്ചു. നിലവില്‍ രാജ്യസഭാംഗമായ ബിനോയ് വിശ്വത്തിന്റെ എംപി കാലാവധി ആറുമാസത്തിനകം പൂര്‍ത്തിയാകും.
കാനം അവധി അപേക്ഷ നല്‍കിയപ്പോള്‍ പകരം ബിനോയ് വിശ്വത്തിന് ചുമതല നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ബിനോയിക്ക് കാര്യമായ എതിര്‍പ്പുണ്ടാകാനിടയില്ലെന്നാണ് സൂചന. ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കണമെന്ന അഭിപ്രായത്തിനാണ് സംസ്ഥാന ഘടകത്തിലും മുന്‍തൂക്കം.