ദുബായിലെ 65 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം അടക്കുന്നു: പ്രവര്‍ത്തനം ഇനി ജബല്‍അലിയില്‍
ദുബായ് നഗരത്തിലെ ബര്‍ദുബൈയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശിവക്ഷേത്രം അടക്കുന്നു. ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം ജനുവരി മൂന്ന് മുതല്‍ ജബല്‍അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തിലായിരിക്കും.
ശിവക്ഷേത്രവും, ഗുരുദ്വാരയും ഉള്‍കൊള്ളുന്ന സിന്ധി ഗുരുദര്‍ബാര്‍ ടെമ്പിള്‍ കോംപ്ലക്സ് അടക്കുകയാണെന്ന് ക്ഷേത്ര നടത്തിപ്പ് സമിതിയുടെ മേധാവി വസു ഷറോഫ് പറഞ്ഞു. ഗള്‍ഫ് ന്യൂസ് ആണ് വാർത്ത റിപ്പോര്‍ട്ട് ചെയുന്നത്.
1958 ലാണ് ഇവിടെ ശിവക്ഷേത്രം ഉള്‍കൊള്ളുന്ന കോംപ്ലക്സ് നിര്‍മിച്ചത്.ബര്‍ദുബൈയിലെ ശിവക്ഷേത്രത്തിന്റെ സേവനങ്ങള്‍ ജബല്‍ അലിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഷേത്രത്തിന്റെ പ്രവേശന കവാടങ്ങളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജബല്‍ അലിയില്‍ പുതിയ ഹിന്ദു ക്ഷേത്രം നിലവില്‍ വന്ന സാഹചര്യത്തില്‍ ബര്‍ദുര്‍ബൈയിലെ ക്ഷേത്രം ഉള്‍കൊള്ളുന്ന പ്രദേശം പരമ്പാരാഗത മേഖലയായി സംരക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശിവക്ഷേത്രത്തോട് ചേര്‍ന്ന് ഇതിനേക്കാള്‍ പഴക്കമുള്ള ശ്രീകൃഷണക്ഷേത്രവുമുണ്ട്. ഈ അമ്പലത്തിന്റെ പ്രവര്‍ത്തനം തുടരുമോ എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.