‘ഒരു വ്യക്തിയെ അനന്തമായി ജയിലിലടക്കാൻ കഴിയില്ല’; ഇഡിക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിചാരണത്തടവുകാരനായി ഒരു വ്യക്തിയെ അനന്തകാലം ജയിലിലടക്കാൻ കഴിയില്ലെന്നും, ഇത് ശരിയല്ലെന്നും കോടതി. ഡൽഹി എക്സൈസ് നയ അഴിമതി കേസിലാണ് സുപ്രീം കോടതിയുടെ പരാമർശം.
ഡൽഹി മദ്യനയ അഴിമതി കേസിൽ പെർനോഡ് റിക്കാർഡ് ഇന്ത്യയുടെ റീജണൽ മാനേജർ ബിനോയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 13 മാസത്തെ ജയിൽവാസം അനുഭവിച്ചിട്ടും കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും (സിബിഐ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) ആരോപണങ്ങൾ തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് വാദത്തിനിടെ ജസ്റ്റിസ് ഖന്ന വാക്കാൽ അഭിപ്രായപ്പെട്ടു. ഒരു വ്യക്തിയെ അനന്തകാലം വിചാരണത്തടവുകാരനായി ജയിലിലടക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ‘ഇത് ശരിയല്ല. നിങ്ങൾക്ക് ആളുകളെ ഇത്രയും കാലം മുൻകൂർ തടങ്കലിൽ വയ്ക്കാൻ കഴിയില്ല. കേസിൽ കൂടുതൽ പ്രതികളെ ഇനിയും കൊണ്ടുവരാനുണ്ട്’- ജസ്റ്റിസ് ഖന്ന അഭിപ്രായപ്പെട്ടു.