ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ്; അരവിന്ദ് വെട്ടിക്കൽ തട്ടിപ്പിന് പത്തനംതിട്ട എംപിയുടെ പേരുപയോഗപ്പെടുത്തി
ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമന തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ പത്തനംതിട്ട എംപിയുടെ പേരുപയോഗപ്പെടുത്തി. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ പേരാണ് ഉപയോഗിച്ചത്. എം പി കോട്ടയിൽ ജോലി എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
എംപിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ കൈയിൽ പണം വാങ്ങുകയുമായിരുന്നു. അരവിന്ദ് വെട്ടിക്കലിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അരവിന്ദിനെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന് തീരുമാനം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തട്ടിപ്പിനിരയായ ആലപ്പുഴ സ്വദേശിനിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം ആയിരിക്കും തുടർനടപടികൾ. തട്ടിപ്പിയായ കൂടുതൽ പേരിൽ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. വൻ സംഘമാണ് തട്ടിപ്പ് പിന്നിലുള്ളതായാണ് പോലീസിന്റെ സംശയം. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം നടത്തിയായിരിക്കും കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കുക.
നിയമന തട്ടിപ്പിൽ അരവിന്ദ് വെട്ടിക്കലിനെ ദേശീയ സെക്രട്ടറി പുഷ്പലത സസ്പെൻഡ് ചെയ്തു. അടിയന്തരമായി നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.