കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതേദഹം മുംബൈ വഴി കൊച്ചിയിലെത്തിക്കും
ശ്രീനഗർ-ലേ ദേശീയപാതയിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേരുടെയും മൃതദേഹം വ്യാഴാഴ്ച വിമാനമാർഗം കൊച്ചിയിലെത്തിക്കും. വൈകിട്ട് ആറുമണിയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ശ്രീനഗറിലേക്കുപോയ നോർക്ക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്നത്.
മുംബൈവഴി കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മൃതദേഹങ്ങൾ പിന്നീട് പാലക്കാട്ടേക്ക് കൊണ്ടുപോകും. പരിക്കേറ്റ് ചികിത്സയിലുള്ളവരേയും ഇതേവിമാനത്തിൽ കൊച്ചിയിലെത്തിക്കാനാണ് നീക്കം. മരിച്ചവരുടെ പോസ്റ്റുമോർട്ടവും എംമ്പാം നടപടികളും ബുധനാഴ്ചതന്നെ പൂർത്തിയായിരുന്നു.
ചിറ്റൂർ ജെ.ടി.എസിനു സമീപം നെടുങ്ങോട് സുന്ദരന്റെ മകൻ എസ്. സുധീഷ് (32), രാജേന്ദ്രന്റെ മകൻ ആർ. അനിൽ (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ എസ്. വിഗ്നേഷ് (24), ഡ്രൈവർ കശ്മീരിലെ സത്രീന കൻഗൻ സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന എസ്.യു.വി. റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.