National

പ്രളയത്തിൽ മുങ്ങി ചെന്നൈ; 118 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

Spread the love

പ്രളയത്തിൽ മുങ്ങി ചെന്നൈ. ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. നഗരത്തിലെ അണ്ടർ ബൈപാസുകൾ അടച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചെന്നൈ തീരത്തെ മിഗ്ജൗമ് ചുഴലിക്കാറ്റ് പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി.

ചെന്നൈ അടക്കം ആറ് ജില്ലകൾക്ക് ഇന്ന് പൊതു അവധിയാണ്. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.ചെന്നൈയിൽ നിന്നുള്ള 20 വിമാന സർവീസുകൾ റദ്ദാക്കി. 26 വിമാന സർവീസുകൾ വൈകും.

വന്ദേ ഭാരത് അടക്കം കേരളത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കി.118 ട്രെയിനുകളായാണ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ റദ്ദാക്കിയിരിക്കുന്നത്. ഇതിൽ കേരളത്തിൽ നിന്നും കേരളത്തിലേക്കുമുള്ള അഞ്ച് ട്രെയിനുകളും ഉൾപ്പെടുന്നു.

വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രേം ഹോം സംവിധാനം ഏർപ്പെടുത്തി. ദുരിദാശ്വാസ ക്യാമ്പുകളും തുറന്നു.

ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.