National

ബിജെപിക്ക് അനുകൂലമായ എക്സിറ്റ് പോളുകൾ വ്യാജം, മധ്യപ്രദേശിൽ കോൺ​ഗ്രസ് 130 സീറ്റ് നേടും: ദി​ഗ്‍വിജയ് സിം​ഗ്

Spread the love

മധ്യപ്രദേശിൽ ബിജെപിക്ക് അനുകൂലമായ എക്സിറ്റ് പോളുകൾ വ്യാജമെന്ന് കോൺ​ഗ്രസ് നേതാവ് ദി​ഗ്‍വിജയ് സിം​ഗ്. കോൺഗ്രസ് 130 സീറ്റ് നേടും. ഇന്ത്യാ ടുഡേ, ടുഡെയ്സ് ചാണക്യ എക്സിറ്റ് പോളുകൾക്ക് ബിജെപി പണം നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് നേരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇത്തവണ ചതിയൻമാർ കൂടെയില്ലെന്നും അതിനാൽ കൂറ് മാറ്റം ഉണ്ടാകില്ലെന്നും ദിഗ്‍വിജയ് സിങ് കൂട്ടിച്ചേർത്തു.

രാജസ്ഥാൻ, ഛത്തീസ്​ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാനിലെ 200ൽ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം.

രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും. മിസോറമിലെ വോട്ടെണ്ണൽ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും, തെലങ്കാനയിലും ഛത്തീസ്​ഗഡിലും കോൺഗ്രസിനുമാണ് സാധ്യത പ്രവച്ചിരുന്നത്.