‘കമല്‍ വീണു, കമലം തിളങ്ങി ‘; മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ
മധ്യപ്രദേശിലെ ജനങ്ങൾക്ക് നന്ദിയെന്ന് ശിവരാജ് സിംഗ് ചൗഹാൻ. വിജയത്തിന് സഹോദരി സഹോദരങ്ങളുടെ കാലുകളിൽ വണങ്ങുന്നു. ജനങ്ങളുടെ ആശീര്‍വാദവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാർട്ടി വീണ്ടും മധ്യപ്രദേശില്‍ സർക്കാർ രൂപീകരിക്കും. ബിജെപിയുടെ എല്ലാ സ്ഥാനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.
അതേസമയം ഭരണം ഉറപ്പിച്ചതോടെ ഇനി മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ബി ജെ പിയിൽ ഉയരുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും എന്ന് പാർട്ടി സംസ്ഥാന അധ്യക്ഷനടക്കം പ്രതികരിക്കുമ്പോഴും ആരായിരിക്കും മുഖ്യമന്ത്രിയാകുകയെന്ന ചോദ്യത്തോട് അക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം നേടിയാൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പരിഗണിച്ചേക്കാൻ സാധ്യതയില്ല. 2019 ൽ ഓപ്പറേഷൻ താമരയിലൂടെ ബി ജെ പി അധികാരം നേടിയെടുത്തപ്പോൾ തന്നെ ചൗഹാന് പകരം മറ്റ് പേരുകൾ ബി ജെ പി ആലോചിച്ചിരുന്നു.
എന്നാൽ മുൻ മുഖ്യമന്ത്രിയും ജനകീയ മുഖമായ ശിവരാജ് സിംഗ് ചൗഹാനെ മാറ്റിനിർത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയിൽ ഒരുവിഭാഗം രംഗത്തെത്തി. ഇതോടെയായിരുന്നു ചൗഹാനെ തന്നെ മുഖ്യമന്ത്രിയായി നിയമിച്ചത്. ഇത്തവണ പക്ഷേ ചൗഹാനെതിരെ പാർട്ടിയിൽ ശക്തമായ വികാരം ഉണ്ട്.
എങ്കിലും ബി ജെ പി നേരിയ ഭൂരിപക്ഷത്തിലാണ് വിജയിക്കുന്നതെങ്കിൽ ഇത്തവണയേയും സമ്മർദ്ദ തന്ത്രം പയറ്റാൻ സാധിക്കുമെന്നതായിരുന്നു ചൗഹാന്റെ കണക്ക് കൂട്ടൽ. എന്നാൽ വലിയ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ് ഇവിടെ ബി ജെ പി. അങ്ങനെയെങ്കിൽ ചൗഹാന്റെ മോഹം പൊലിയും. മറ്റ് പേരുകളിലേക്ക് ബി ജെ പി ദേശീയ നേതൃത്വം കടക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.
അതേസമയം മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ബിജെപി 137 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 230 സീറ്റുകളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.