കലോത്സവത്തിന് ഓരോ കുട്ടിയും കൊണ്ടുവരേണ്ടത് ഒരു കിലോ പഞ്ചസാര; ഈ പണി നിങ്ങൾ എടുക്കേണ്ടതില്ലെന്ന് അധ്യാപകരോട് കെ.എസ്.യു
റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന നോട്ടിസിനെ വിമർശിച്ച് കെ.എസ്.യു. പേരാമ്പ്രയിൽ വെച്ച് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പേരിൽ വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധിത വിഭവസമാഹരണവും പണപ്പിരിവും നടത്തുകയാണെന്നാണ് കെ.എസ്.യുവിന്റെ ആക്ഷേപം. പണം പിരിച്ച് ഭക്ഷണ കമ്മിറ്റിയും സംഘാടനവും മികച്ച രീതിയിൽ കൊണ്ടുപോകാൻ അധ്യാപകർക്കും ബന്ധപ്പെട്ട സംഘടനാ നേതാക്കൾക്കും സാധിക്കുന്നില്ലെങ്കിൽ ഈ പണി നിങ്ങൾ എടുക്കേണ്ടതില്ലെന്നും കെ.എസ്.യു വിമർശിക്കുന്നു.
നവ കേരള സദസിന്റെ പേരിൽ കോടികൾ ചെലവഴിക്കാൻ സർക്കാരിന്റെ കയ്യിൽ പണമുണ്ട്. വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സ്കൂൾ കലോത്സവങ്ങളിൽ ഭക്ഷണം കൊടുക്കാൻ വിദ്യാർത്ഥികളിൽ നിന്നും നിർബന്ധിതമായി വിഭവസമഹരണം നടത്തേണ്ടി വരുന്ന ഗതികേട് വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണ്.
ഭക്ഷണ കമ്മറ്റി നടത്തേണ്ട സംഘടനകൾക്ക് അത് മികച്ച രീതിയിൽ നടത്തിക്കൊണ്ടുപോകാൻ വിദ്യാർഥികളെ പിഴിഞ്ഞേ പറ്റൂ എന്നാണ് അവസ്ഥ. കലോത്സവ ഭക്ഷണ കമ്മറ്റിക്ക് സർക്കാർ വലിയ തുക ഫണ്ടായി അനുവദിക്കുന്നുണ്ട്. എന്നിട്ടും വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധിതമായി പണപ്പിരിവും വിഭവ സമാഹരണവും നടത്തുന്നതിന് പിന്നിൽ വലിയ അഴിമതിയുണ്ട്. സ്കൂൾ കലോത്സവങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന തുക കൃത്യമായ ഓഡിറ്റിങ്ങിന് വിധേയമാക്കണം.
വിദ്യാർഥികളെ നിർബന്ധിതമായി കൊള്ളയടിക്കുന്ന ഈ സമീപനങ്ങളോട് യോജിക്കാനും അംഗീകരിക്കാനും കെ.എസ്.യു തയ്യാറല്ല. വിദ്യാർത്ഥി സംഘടനകളെ അംഗീകരിക്കാത്ത അരാഷ്ട്രീയ നിലപാടുകൾ വച്ചുപുലർത്തുന്ന സെന്റ് ഫ്രാൻസിസ് സ്കൂൾ ഇറക്കിയ വിദ്യാർത്ഥി വിരുദ്ധമായ ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആവശ്യപ്പെട്ടു.
റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യമാണ് സ്കൂൾ അധികൃതർ മുന്നോട്ടുവെച്ചത്. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. കലോത്സവത്തിൻ്റെ വിഭവ സമാഹരണത്തിനായി കുട്ടികൾ വരുമ്പോൾ പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്നാണ് നോട്ടീസിൽ പറയുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം അനുസരിച്ചാണ് പഞ്ചസാര കൊണ്ടുവരണമെന്ന് നിർദേശിച്ചിരിക്കുന്നതെന്നും നോട്ടിസിൽ വ്യക്തമാക്കുന്നുണ്ട്. പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾക്ക് പ്രധാന അധ്യാപിക നോട്ടീസ് അയച്ചിരിക്കുന്ന്. ഈ മാസം മൂന്നിനാണ് പേരാമ്പ്രയിൽ വച്ച് റവന്യൂ ജില്ലാ കലോത്സവം നടക്കുക.