മണിപ്പൂരിൽ ബാങ്ക് കവർച്ച: 18.85 കോടി രൂപ കൊള്ളയടിച്ചു, കലാപത്തിന് ശേഷമുള്ള മൂന്നാമത്തെ കവർച്ച
മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച. 10 അജ്ഞാതരായ ആയുധധാരികൾ 18.85 കോടി രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ഉഖ്രുൾ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) കവർച്ച നടന്നത്. മെയ് മൂന്നിന് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ നടക്കുന്ന മൂന്നാമത്തെ ബാങ്ക് കവർച്ചയാണിത്.
ബാങ്കിന്റെ പ്രവൃത്തി സമയം കഴിഞ്ഞ ശേഷമാണ് കവർച്ച നടന്നത്. അന്നത്തെ ഇടപാടുകളും നിക്ഷേപ പ്രവർത്തനങ്ങളും പൂർത്തിയാക്കി പ്രധാന ഗേറ്റിന്റെ ഷട്ടർ അടച്ച് ബാങ്ക് മാനേജരും ജീവനക്കാരും അകത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ആയുധധാരികളായ പത്ത് പേർ പെട്ടെന്ന് അകത്ത് കടന്ന് സ്‌ട്രോങ് റൂമിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരെയും സെക്യൂരിറ്റി ജീവനക്കാരനെയും കീഴ്‌പ്പെടുത്തി.
തുടർന്ന് സംഘം ബാങ്കിൽ നിന്ന് 18.85 കോടി രൂപ കൊള്ളയടിച്ചു. എകെ റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഒലിവ് പച്ച, കാക്കി യൂണിഫോം, ട്രാക്ക് സ്യൂട്ടുകൾ എന്നിവ ധരിച്ചാണ് സംഘം എത്തിയതെന്ന് ബാങ്കിനുള്ളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ നിന്ന് വ്യക്തമാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്കിലെ എല്ലാ ജീവനക്കാരെയും സുരക്ഷാ ജീവനക്കാരെയും പൊലീസ് ചോദ്യം ഇന്ന് ചെയ്തു.