കണ്ണൂർ സർവകലാശാല വി സി പുനർനിയമനം: സർക്കാരിന് സുപ്രിംകോടതിയിൽ കനത്ത തിരിച്ചടി; ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്തേക്ക്
കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രിംകോടതി അസാധുവാക്കി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സർക്കാരിനുനേരെ വിമർശനമുയർത്തി. നിയമനത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് ഉൾപ്പെടെ കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
വി സിയുടെ നിയമനത്തിന് അധികാരമോ അവകാശമോ ഇല്ലാത്ത ഭാഗത്തുനിന്നും നിയമനത്തിന് സമ്മർദമുണ്ടായി എന്നുൾപ്പെടെ സുപ്രിംകോടതി നിരീക്ഷിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നുൾപ്പെടെ സമ്മർദമുണ്ടായെന്ന ആരോപണത്തെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ഇന്നത്തെ സുപ്രിംകോടതിയുടെ നിരീക്ഷണങ്ങൾ. സമ്മർദം മൂലമുള്ള നിയമനം ചട്ടവിരുദ്ധമെന്ന് കോടതി പറഞ്ഞു. ആയതിനാൽ ഡോ. രവീന്ദ്രൻ ഗോപിനാഥന് പുനർനിയമനം നൽകിയ നടപടി നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
4 പ്രധാന വിഷയങ്ങൾ പരിഗണിച്ചാണ് സുപ്രിംകോടതി കേസിൽ വിധി പറഞ്ഞത്. പുനർനിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. പുനർനിയമനത്തിൽ യുജിസി ചട്ടങ്ങൾ നിർബന്ധമല്ലെന്ന വസ്തുതയും കോടതി പരിഗണിച്ചു. പ്രായപരിധി ഉചിതമായ സമയത്ത് മറികടക്കുന്നതിൽ തെറ്റില്ല. നാലാമത്തെ ചോദ്യം ചട്ടവിരുദ്ധ ഇടപെടലുണ്ടായോ എന്നതായിരുന്നു. നാലാമത്തെ ചോദ്യത്തിലാണ് സർക്കാരിന് അടിതെറ്റിയത്. ചാൻസലാറ ഗവർണർ ബാഹ്യസമ്മർദത്തിന് വഴങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയത്.