രാഹുൽ ഗാന്ധി മൂന്നു ദിവസം കേരളത്തിൽ; 4 ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കും
മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്ന് 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം കടവ് റിസോർട്ടിലെ ചടങ്ങിൽ പ്രകാശനം ചെയ്യും. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണ്.
ഡിസംബർ ഒന്നിന് രാവിലെ 9ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ കെപിസിസിയുടെ പ്രഥമ പ്രിയദർശിനി സാഹിത്യ പുരസ്കാരം ടി.പത്മനാഭന് സമ്മാനിക്കും. 11.25ന് കൊച്ചി മറൈൻ ഡ്രൈവിൽ മഹിളാ കോൺഗ്രസ് സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 2.15ന് എറണാകുളം ടൗൺഹാളിൽ സുപ്രഭാതം ദിനപത്രത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മടങ്ങും.
മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് ഇന്നലെ രാഹുൽ ഗാന്ധിക്ക് ഒരുക്കിയിരുന്നത്.കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ എ.പി. അനിൽകുമാർ, പി.കെ. ബഷീർ, ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു.