’17 ദിവസമായിട്ടും ഞങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചില്ല’; അസിം പ്രേംജി സര്‍വകലാശാലയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത 21കാരന്റെ സഹോദരന്‍
ബംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍വകലാശാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥിയുടെ കുടുംബം. നവംബര്‍ 10ന് ആത്മഹത്യ ചെയ്ത 21 വയസുകാരന്‍ എം അശ്വിന്‍ നമ്പ്യാരുടെ സഹോദരനാണ് സര്‍വകലാശാലയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സഹോദരന്‍ മരിച്ചിട്ട് 17 ദിവസങ്ങളായിട്ടും സര്‍വകലാശാല തങ്ങളുടെ കുടുംബത്തെ ബന്ധപ്പെടുകയോ അനുശോചനം രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നാണ് അശ്വിന്റെ സഹോദരന്‍ ആഷിഷ് പറയുന്നത്. ഒരു സിഗരറ്റ് പാക്കറ്റ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ അശ്വിന്‍ വല്ലാത്ത മനോവേദനയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ കൂടി വെളിപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍വകലാശാലയ്‌ക്കെതിരെ ആഷിഷിന്റെ ആരോപണങ്ങള്‍. സിഗരറ്റ് പാക്കറ്റ് അശ്വിന്റേതാണെന്ന് സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ത്ഥിയെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നെന്നും ആരോപണം ഉയരുന്നുണ്ട്.
ഈ മാസം 20നാണ് സര്‍വകലാശാല കെട്ടിടത്തിന്റെ 16-ാം നിലയില്‍ നിന്നും ചാടി അശ്വിന്‍ ആത്മഹത്യ ചെയ്തത്. അശ്വിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് അന്ന് സമര്‍പ്പിക്കേണ്ട അസൈന്‍മെന്റിനെക്കുറിച്ച് ഓര്‍മിപ്പിച്ച് സര്‍വകലാശാല സമ്മര്‍ദം ചെലുത്തുകയാണ് ചെയ്തതെന്നും അശ്വിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. അശ്വിന്റെ മരണത്തിന്റെ ദുഖത്തില്‍ നില്‍ക്കുന്ന തങ്ങളോട് സര്‍വകലാശാല ഇത് പറഞ്ഞതില്‍ വിദ്യാര്‍ത്ഥികളും ഞെട്ടല്‍ രേഖപ്പെടുത്തിയെന്ന് ആരോപണമുണ്ട്.
വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങളെ നിശബ്ദമാക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നതെന്ന് ആശിഷ് ആരോപിക്കുന്നു. നീതിയും സമത്വവും മാനവികയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും ക്യാംപസിനുള്ളില്‍ ഇതെല്ലാം പ്രാവര്‍ത്തികമാക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ ആശിഷ് ആരോപിച്ചു.