Kerala

കാത്തുകാത്ത് നില്‍ക്കേണ്ടിവന്നില്ല, ചൈനയില്‍ നിന്ന് ഷെൻഹുവ എത്തി തടസ്സങ്ങളില്ലാതെ

Spread the love

തിരുവനന്തപുരം: യാതൊരു തടസവുമില്ലാതെ ചൈനയിൽ നിന്ന് ക്രെയിനുമായെത്തിയ ഷെൻഹുവ 24 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുത്തു. ഇന്നലെ പുലർച്ചെ തീരക്കടലിൽ നങ്കൂരമിട്ട കപ്പൽ അധികൃതരുടെ അനുവാദത്തോടെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തന്നെ വാർഫിൽ അടുത്തു.

ആറ് യാർഡ് ക്രെയിനുകളുമായി ഈ മാസം പത്തിനാണ് കപ്പൽ ചൈനയിൽ നിന്ന് യാത്ര തിരിച്ചത്. തുറമുഖത്ത് കയറാൻ ആദ്യമെത്തിയ രണ്ട് കപ്പലുകൾക്കുണ്ടായ സാങ്കേതിക തടസം ഷെൻ ഹുവ – 24 ന് ഉണ്ടായില്ല. ആദ്യമായെത്തിയ ഷെൻ ഹുവ – 15 ന് സാങ്കേതിക വിദഗ്ധരെ വാർഫിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട തടസമുണ്ടായിരുന്നു. രണ്ടാമതെത്തിയ ഷെൻ ഹുവ 29ന് തുറമുഖത്ത് പ്രവേശിക്കുന്നതിന് തന്നെ മൂന്ന് ദിവസത്തോളം പുറംകടലിൽ കാത്ത് കിടക്കേണ്ടി വന്നു.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പുറം കടലിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ ഷെൻ ഹുവാ 24 ന് തുറമുഖത്ത് പ്രവേശിക്കാൻ അനുമതി ലഭിച്ചു. നാലു വള്ളങ്ങളിലായുള്ള തീരദേശ പൊലീസിന്റെ സുരക്ഷയിൽ മൂന്ന് ടഗ്ഗുകൾ ചേർന്ന് വാർഫിൽ അടുപ്പിച്ചു. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് മുതൽ ക്രെയിനുകൾ ഇറക്കിത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇനി ആദ്യമെത്തിയ ഷെൻ ഹുവ -15 ഡിസംബറില്‍ രണ്ടാമൂഴത്തിനായി വീണ്ടുമെത്തും.

ആകെ മൂന്ന് ക്രെയിനുകളാണ് ഷെന്‍ഹുവ 15ല്‍ കൊണ്ടുവന്നിരുന്നത്. ഷെന്‍ഹുവ 15ല്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് റെയിന്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകള്‍ ഇറക്കിയിരുന്നു. ഏറ്റവും ഒടുവിലായി 1100 ടണ്ണിലധികം ഭാരമുള്ള സൂപ്പര്‍ പോസ്റ്റ് പാനാ മാക്സ് ക്രെയിന്‍ ഇറക്കി. വലിയ പ്രതിസന്ധികള്‍ക്കൊടുവിലാണ് ക്രെയിനുകള്‍ ഇറക്കിയത്. കടൽക്ഷോഭവും ചൈനീസ് തൊഴിലാളികൾക്ക് കരയ്ക്കിറങ്ങാനുള്ള അനുമതി ലഭിക്കാനുള്ള നിയമ തടസവും കാരണം ക്രെയിനുകൾ തുറമുഖത്ത് ഇറക്കാനുള്ള നടപടികൾ നീണ്ടുപോകുകയായിരുന്നു. തടസങ്ങൾ നീങ്ങി വിദഗ്ധ തൊഴിലാളികൾക്ക് വിസ ലഭ്യമാവുകയും കടൽ ക്ഷോഭത്തിന് നേരിയ ശമനമുണ്ടാവുകയും ചെയ്തതോടെയാണ് മൂന്നു ദിവസങ്ങളിലായി മൂന്നു ക്രെയിനുകളും ഇറക്കാനായത്.

ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടാതായതോടെയാണ് ഷെൻ ഹുവ 29ന്‍റെ ബര്‍ത്തിംഗ് വൈകിയത്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നടപടി ക്രമങ്ങള്‍ വൈകിയതോടെയാണ് കാലതാമസമുണ്ടായത്. ഫെബ്രുവരിക്ക് മുമ്പായി ക്രെയ്നുകളുമായി ഇനി ആറ് കപ്പൽ കൂടി എത്തും. ഓരോ കപ്പലിനും പ്രത്യേകം പ്രത്യേകം അനുമതി വേണം.