Wednesday, April 23, 2025
Latest:
Kerala

ആലപ്പുഴ നൂറനാട്ടെ മണ്ണെടുപ്പ് പുനരാരംഭിച്ചു; സ്റ്റോപ്പ് മെമോ നൽകിയിട്ടില്ലെന്ന് കരാറുകാരൻ

Spread the love

ആലപ്പുഴ നൂറനാട് മണ്ണെടുപ്പ് പുനരാരംഭിച്ചു. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. തീരുമാനം ഉണ്ടാകുന്നത് വരെ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു. മന്ത്രി പി പ്രസാദിന്റെ വീടിന് തൊട്ടടുത്താണ് ദേശീയപാത വികസനത്തിനെന്ന പേരിൽ മണ്ണെടുക്കുന്നത്.

ഇതിനിടെ സർക്കാർ പൊറാട്ട് നാടകം കളിക്കുന്നുവെന്ന് മണ്ണെടുക്കുന്ന കരാറുകാരൻ പറഞ്ഞു. മണ്ണെടുപ്പിന് ഇതുവരെ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടില്ല. തനിക്ക് ഇതുവരെ ഒരു കടലാസ് പോലും ലഭിച്ചിട്ടില്ല. മാധ്യമങ്ങളോട് പറഞ്ഞതല്ല തന്നോട് പറഞ്ഞത്. മണ്ണെടുക്കുന്നതിന് പൊലീസിന്റെ പിന്തുണ തനിക്കുണ്ട്. ഇതുവരെ മണ്ണെടുക്കാതിരുന്നത് മഴ മൂലമാണ് എന്നും കരാറുകാരൻ പ്രതികരിച്ചു.

മണ്ണെടുപ്പ് നിർത്തിവെച്ചു കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടത് നവംബർ 16നാണ്. കൃഷിമന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിലായിരുന്നു ചർച്ച. മണ്ണെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് എന്ന് കണ്ടെത്തിയതിനെ തുടർന്ന് കളക്ടർ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ഇന്ന് കളക്ടർ കൈമാറും.

പരിസ്ഥിതി പഠനം അനുസരിച്ചല്ല മണ്ണെടുപ്പിന് അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് അറിയിച്ചിരുന്നു. മണ്ണെടുക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും നാട്ടിലുണ്ട്. അനുമതിയോടെയാണ് മണ്ണെടുപ്പ് ആരംഭിച്ചത്. എന്നാൽ, പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പറയുന്നു.

മണ്ണെടുപ്പിന് മുമ്പ് നടക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ചിട്ടില്ല. എങ്ങനെയാണ് വീഴ്ച ഉണ്ടായത് എന്ന് അന്വേഷിക്കും. ആ മേഖലയുമായി റിപ്പോർട്ട് നൽകിയ ജിയോളജി വകുപ്പിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. മണ്ണെടുപ്പിൽ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജർ പാലിക്കപ്പെട്ടില്ല. സ്ഥലപരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പൊലിസ് നടപടി പരിശോധിക്കാൻ എസ്പിക്ക് ചുമതല നൽകി. മണ്ണെടുപ്പിൽ കേന്ദ്രസർക്കാർ പ്രോട്ടോക്കോൾ (SOP) പാലിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.

പ്രതിഷേധത്തെ സംബന്ധിച്ച് കേസുകൾ പിൻവലിക്കുന്നതിനെ സംബന്ധിച്ച് പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് വന്ന് അത് പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി മണ്ണെടുക്കണമോ എന്ന് തീരുമാനിക്കുകയെന്നും മന്ത്രി പറഞ്ഞു.