അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ച് ബിസിസിഐ
വരുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ച് ബിസിസിഐ. യുഎഇയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന ടൂർണമെൻ്റിനു വേണ്ടിയുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. 15 അംഗ ടീമിനൊപ്പം മൂന്ന് സ്റ്റാൻഡ് ബൈ താരങ്ങളും ഇവർക്കൊപ്പം നാല് റിസർവ് താരങ്ങളുമുണ്ട്. സ്റ്റാൻഡ് ബൈ താരങ്ങൾ മാത്രമാവും ടീമിനൊപ്പം യാത്ര ചെയ്യുക.
കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ടീമിലെ റിസർവ് താരമായിരുന്ന പഞ്ചാബ് താരം ഉദയ് സഹറൻ ടീമിനെ നയിക്കും. രാജസ്ഥാനിൽ ജനിച്ച ഉദയ് 14ആം വയസിൽ ക്രിക്കറ്റ് മോഹവുമായി പഞ്ചാബിലേക്ക് കുടിയേറുകയായിരുന്നു. നാളെ ഫൈനൽ നടക്കാനിരിക്കുന്ന ചതുർ അംഗ ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളൊക്കെ ടീമിൽ ഇടം നേടി. ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവർ ഉൾപ്പെട്ട ടൂർണമെൻ്റിൽ ഇന്ത്യയുടെ രണ്ട് അണ്ടർ 19 ടീമുകൾ കളിച്ചിരുന്നു. ഈ രണ്ട് ടീമുകൾ തമ്മിലാണ് നാളെ ഫൈനൽ. ഇതിൽ ഇന്ത്യ എ സ്ക്വാഡ് ക്യാപ്റ്റനാണ് ഉദയ് സഹറൻ. ഇന്ത്യ ബി സ്ക്വാഡ് ക്യാപ്റ്റൻ കിരൺ ചോമാലെയ്ക്ക് അവസരം ലഭിച്ചില്ല.
ഡിസംബർ എട്ടിന് അഫ്ഗാനിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, നേപ്പാൾ എന്നിവർക്കൊപ്പം ജപ്പാനും ഏഷ്യാ കപ്പിൽ കളിക്കുന്നുണ്ട്. ഡിസംബർ 17ന് ഫൈനൽ നടക്കും.
അണ്ടർ 19 ഏഷ്യാ കപ്പിൽ 8 തവണ ജേതാക്കളായ ഇന്ത്യ ഏറ്റവുമധികം കിരീടം നേടിയ ടീമാണ്. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യന്മാർ.