‘ജന്മദിനത്തിൽ ദുബായിൽ കൊണ്ടുപോയില്ല, വിലകൂടിയ സമ്മാനങ്ങൾ നൽകിയില്ല’; യുവതി ഭർത്താവിനെ മൂക്കിലിടിച്ച് കൊന്നു
പിറന്നാൾ ആഘോഷിക്കാൻ ദുബായിൽ കൊണ്ടുപോകാത്ത ഭർത്താവിനെ ഭാര്യ അടിച്ചുകൊന്നു. ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലകൂടിയ സമ്മാനങ്ങൾ നൽകിയില്ലെന്നാരോപിച്ച് ഭാര്യ യുവാവിനെ മൂക്കിലിടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് റിപ്പോർട്ട്. ഇടിയുടെ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പുണെ വാൻവാഡി മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം.
വ്യവസായിയായ നിഖിൽ ഖന്നയാണ്(36) മരിച്ചത്. ഭാര്യ രേണുകയുമായി(38) പ്രണയ വിവാഹമായിരുന്നു. ആറ് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വാൻവാഡി ഏരിയയിലെ ഒരു പോഷ് റെസിഡൻഷ്യൽ സൊസൈറ്റിയിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു താമസം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മിൽ തർക്കം ആരംഭിക്കുന്നത്.
രേണുകയുടെ പിറന്നാൾ ആഘോഷിക്കാൻ നിഖിൽ ദുബായിലേക്ക് കൊണ്ടുപോയിരുന്നില്ല. കൂടാതെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലകൂടിയ സമ്മാനങ്ങൾ നൽകാതിരുന്നതും രേണുകയെ ചൊടിപ്പിച്ചു. ഇതേത്തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത്. വഴക്കിനിടെ രേണുക നിഖിലിന്റെ മൂക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും പല്ലുകളും തകർന്നു. ഇതോടെ ബോധം നഷ്ടപ്പെട്ട് നിലത്തുവീണ നിഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐപിസി സെക്ഷൻ 302 പ്രകാരമാണ് കേസ്. രേണുകയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.